‘ഇത് പഞ്ചാബാണ്’; ​മുഖത്ത് ത്രിവർണ പതാക പെയ്ന്റ് ചെയ്ത യുവതിയെ സുവർണക്ഷേത്രത്തിൽ തടഞ്ഞു

ന്യൂഡൽഹി: ദേശീയ പതാകയുടെ ചിത്രം മുഖത്ത് പെയ്ന്റ് ചെയ്തതുകൊണ്ട് പഞ്ചാബ് അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചുവെന്ന് യുവതിയുടെ ആരോപണം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സിഖ് ക്ഷേത്രത്തിലെ ഗാർഡാണ് യുവതിയെ തടഞ്ഞത്. ഇത് ഇന്ത്യയല്ല, പഞ്ചാബ് ആണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു തടഞ്ഞത്. അത് ഇന്ത്യയിലല്ലേ എന്ന് യുവതിയോടൊപ്പമുള്ളയാൾ ചോദിക്കുന്നതും കേൾക്കാം.

യുവതിയും കൂടെയുള്ളയാളും നിരവധി തവണ ഇത് ഇന്ത്യയല്ലേ എന്ന് ചോദിക്കുന്നതും ഗാർഡ് നിഷേധാർഥത്തിൽ തലയാട്ടുന്നതും കാണാം. വിഡിയോക്കൊടുവിൽ ഗാർഡ് യുവതിയുടെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നുണ്ട്.

​സുവർണ ക്ഷേത്രത്തിന്റെ ഭരണ സമിതിയായ ശിരോമണി ഗുരുദ്വാര പർബന്ദക് കമ്മിറ്റി സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. എന്നാൽ യുവതിയുടെ മുഖത്തുള്ള പെയ്ന്റിങ് ദേശീയ പതാകയല്ലെന്നും അതിൽ അശോക ചക്രമുണ്ടായിരുന്നില്ലെന്നും ജനറൽ സെക്രട്ടറി ഗുരുചരൺ സിങ് ഗ്രേവാൾ പറഞ്ഞു.

ഇത് സിഖ് ആരാധനാലയമാണ്. എല്ലാ മതസ്ഥാപനങ്ങൾക്കും അതിന്റെതായ രീതികൾ ഉണ്ടായിരിക്കും. ഞങ്ങൾ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഒരു ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെങ്കിൽ ഞങ്ങൾ മാപ്പ് പറയുന്നു. എന്നാൽ യുവതിയുടെ മുഖത്ത് പെയ്ന്റ് ചെയ്തത് നമ്മുടെ ദേശീയ പതാകയല്ല. അതിൽ അശോക ചക്രമുണ്ടായിരുന്നില്ല. അത് ഒരു രാഷ്ട്രീയ പാർട്ടിയുടെ പതാകയാകാം. - ഗുരുചരൺ സിങ് പറഞ്ഞു.

Tags:    
News Summary - Woman With India Flag Painted On Face Turned Away From Golden Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.