നരേന്ദ്ര മോദി, ഡൊണാൾഡ് ട്രംപ്

റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യാൻ അമേരിക്കയുടെ അനുമതി ആവശ്യമില്ല -കേന്ദ്ര സർക്കാർ

ന്യൂഡൽഹി: യു.എസും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങൾ മൂലം ആഗോള ഇന്ധന വിപണിയിൽ പ്രതിസന്ധി രൂക്ഷമായി നിലനിൽക്കെ, റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യത്തിൽ ഇന്ത്യ ശക്തമായ നിലപാടുമായി രംഗത്ത്. റഷ്യൻ എണ്ണ വാങ്ങാൻ മറ്റ് രാജ്യങ്ങളുടെ അനുമതി ആവശ്യമില്ലെന്നും, ദേശീയ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. റഷ്യയിൽ നിന്നും ഇന്ത്യക്ക് എണ്ണ വാങ്ങിക്കാൻ അമേരിക്ക 30 ദിവസത്തെ താൽക്കാലിക ഇളവ് അനുവദിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ പ്രതികരണം.

യുക്രൈൻ യുദ്ധം ആരംഭിച്ചത് മുതൽ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്. നിലവിൽ റഷ്യ തന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാർ. ഹുർമുസ് കടലിടുക്കിലെ സംഘർഷം മൂലം ആഗോളതലത്തിൽ എണ്ണ വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടെങ്കിലും, ഇന്ത്യയുടെ ഊർജ്ജ വിതരണം സുരക്ഷിതമാണെന്ന് സർക്കാർ അറിയിച്ചു. പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്യാനായി എണ്ണ ഉറവിട സ്രോതസ്സുകൾ ഇന്ത്യ വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്ത് 250 ദശലക്ഷം ബാരലിലധികം എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും കരുതൽ ശേഖരമായുണ്ട്. ഇത് ഏകദേശം എട്ട് ആഴ്ചത്തേക്കുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ യുദ്ധം കാരണം ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം താത്കാലികമായി നിർത്തി വെച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതുമൂലം ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത്. അതിനിടയിലാണ് ഇന്ത്യക്ക് എണ്ണ വാങ്ങാൻ അമേരിക്ക 30 ദിവസത്തെ അനുമതി നൽകിയത്. ഈ അനുമതിക്ക് മുന്നേ തന്നെ ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നുണ്ടായിരുന്നുവെന്നും, അത് തുടരുമെന്നുമാണ് സർക്കാർ ഇപ്പോൾ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ, വില, ലഭ്യത എന്നിവ അടിസ്ഥാനമാക്കിയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും, അതിൽ വിട്ടുവീഴ്ചയില്ലെന്നും കേന്ദ്രം ആവർത്തിച്ചു.

Tags:    
News Summary - US permission not required to import oil from Russia: Central government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.