മരണ ട്രാക്കിലെ യാത്രക്ക് ഒടുവിൽ പരിഹാരം; അധികാരികളുടെ കണ്ണ് തുറപ്പിച്ച് കുട്ടികൾ
മുംബൈ: മഹാരാഷ്ട്രയിൽ തകർന്ന റോഡുകളും റെയിൽവേ ട്രാക്കുകളും ചെളി നിറഞ്ഞ പാതകളും കാരണം ദുരിതത്തിലായ സ്കൂൾ വിദ്യാർത്ഥികൾ തങ്ങളുടെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സോഷ്യൽ മീഡിയയെ ആയുധമാക്കുന്നു. മൊബൈൽ ഫോണുകളിൽ ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാം റീലുകളിലൂടെ രാഷ്ട്രീയ നേതാക്കളെ നേരിട്ട് ടാഗ് ചെയ്താണ് കുട്ടികൾ തങ്ങളുടെ ദൈനംദിന പ്രശ്നങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ എത്തിക്കുന്നത്.
കുട്ടികളുടെ ഈ വേറിട്ട പ്രതിഷേധങ്ങളിൽ ചിലത് ദിവസങ്ങൾക്കകം അധികാരികളുടെ ഇടപെടലിന് കാരണമായപ്പോൾ, മറ്റു ചിലത് ഇപ്പോഴും വെറും വാഗ്ദാനങ്ങളിലും നിർദ്ദേശങ്ങളിലും മാത്രമായി ഒതുങ്ങിനിൽക്കുകയാണ്.
മഹാരാഷ്ട്രയിലെ പാൽഗറിൽ നിന്നും വർഷങ്ങളായി റെയിൽവേ പാളം വഴി നടന്നാണ് കുട്ടികൾ സ്‌കൂളിലേക്ക് പോകുന്നത്. കൂടാതെ സമീപത്തുള്ള ആശുപത്രികളിലേക്ക് പോകാനും ആളുകൾ ഉപയോഗിക്കുന്ന ഏക യാത്രാമാർഗമാണിത്. ഈ അപകടം നിറഞ്ഞ യാത്രയ്ക്ക് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കുട്ടികൾ രംഗത്തുവന്നത്.
പാൽഘറിലെ വധീവ് ദ്വീപിലെ സോഹിൽ സുനിൽ ചൗധരി എന്ന പതിനാറുകാരൻ, വിദ്യാർത്ഥികൾ അപകടകരമായ രീതിയിൽ റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും നേരെ നേരിട്ട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഈ വീഡിയോ വലിയ ചർച്ചയായതിനെത്തുടർന്ന് വധീവിൽ ഒരു സ്ഥിരം പാലം നിർമ്മിക്കുന്നതിനായി 25.95 കോടി രൂപയുടെ നിർദേശം ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്.
സമാനമായ രീതിയിൽ നാസിക്കിൽ നിന്നുള്ള കുട്ടികളും പ്രതിഷേധമുയർത്തിയിരുന്നു. മഴക്കാലത്ത് കുട്ടികൾ വഴുതിവീഴാനും പാമ്പുകടിയേൽക്കാനും സാധ്യയതയുള്ള ഈ പ്രദേശത്തെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായതോടെ പ്രതിപക്ഷ നേതാവ് സ്ഥലം സന്ദർശിക്കുകയും അധികാരികളുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തു. തുടർന്ന് പ്രാദേശിക എം.എൽ.എ മഹേന്ദ്ര തോർവെ ഇടപെടുകയും റോഡിന്റെ താൽക്കാലിക അറ്റകുറ്റപ്പണികൾ ഉടനടി ആരംഭിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. മഴക്കാലത്തിന് ശേഷം റോഡ് പുനർനിർമ്മിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരിക്കുന്നത്.
അവകാശങ്ങൾ നേടിയെടുക്കുക്കുന്നതിനായി ഭയമില്ലാതെ സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്ന കുട്ടികളുടെ ഇടപെടലുകൾ മഹാരാഷ്ട്രയിലുടനീളം വലിയ ജനശ്രദ്ധയാണ് നേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.