ബംഗളൂരു: നഗരത്തിലെ സ്കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഐ.ടി ജീവനക്കാരി അറസ്റ്റിൽ. അഹമ്മദാബാദിൽ നിന്നാണ് ഇവരെ ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. സമാനമായൊരു കേസിൽ നിലവിൽ അഹമ്മദാബാദ് സെൻട്രൽ ജയിലിൽ കഴിയുന്നതിനിടെയാണ് കർണാടക പൊലീസിന്റെ നടപടി.
ജൂൺ 14നാണ് ബംഗളൂരുവിലെ ഒരു സ്കൂൾ പ്രിൻസിപ്പൽക്ക് ബോംബ് ഭീഷണി ലഭിച്ചത്. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ പൊലീസിന് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
തുടർന്ന് വിവിധ സ്ഥലങ്ങളിൽ ബോംബ് ഭീഷണി ലഭിച്ചു. പിന്നീട് കേസിന്റെ അന്വേഷണം ബംഗളൂരു നോർത് ഡിവിഷൻ സൈബർ ക്രൈം യൂണിറ്റിന് കൈമാറി. അന്വേഷണത്തിനൊടുവിൽ സോഫ്റ്റ്വെയർ എൻജിനീയറായ ജോഷിൽദയാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു. ഇവർ സമാനമായൊരു കേസിൽ അഹമ്മദാബാദിൽ അറസ്റ്റിലാണെന്നും കണ്ടെത്തി.
തുടർന്ന് പ്രൊഡക്ഷൻ വാറണ്ട് സമർപ്പിച്ച് പ്രതിയെ ബംഗളൂരുവിലെത്തിച്ചു. ഗേറ്റ് കോഡ് ആപ് വഴി നിർമിച്ച മൊബൈൽ നമ്പറും വി.പി.എൻ നെറ്റ്‍വർക്കും ഉപയോഗിച്ചാണ് ഇവർ ഭീഷണി സന്ദേശങ്ങൾ അയച്ചതെന്ന് പൊലീസ് കണ്ടെത്തി. വിവിധ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ ഇവർ ഭീഷണി സന്ദേശങ്ങൾ അയച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.