ഇന്ത്യൻ റെയിൽവേയിൽ ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീയായിരിക്കുക എന്നാൽ ഇതാണ്; ബിഹാറിലെ എ.സി കോച്ചിലെ അനുഭവം പങ്കുവെച്ച് യുവതി

പട്ന: രാജ്യത്തെങ്ങും സ്ത്രീ സുരക്ഷക്കും ക്ഷേമത്തിനും സർക്കാറുകൾ നൽകുന്ന വാഗ്ദാനങ്ങൾക്ക് ഒരു പഞ്ഞവുമില്ല. പ്രത്യേകിച്ച് ബിഹാറിൽ. സ്ത്രീകളുടെ ​വോട്ട് ലക്ഷ്യമിട്ട് പദ്ധതികൾ വരെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യൻ റെയി​ൽവെയിൽ സ്ത്രീ യാത്രക്കാർ നേടിരുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാകുന്ന ഒരു വിഡിയോ സൈബർ ലോകത്ത് വൈറലാവുകയാണ്. ട്രെയ്നിൽ ബിഹാറിലൂടെ യാത്ര ചെയ്ത ആയുഷി രഞ്ജന എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചത്. ഇന്ത്യൻ റെയിൽവേയിൽ ഒറ്റക്ക് യാത്ര ചെയ്യുന്ന ഒരു സ്ത്രീയായിരിക്കുക എന്നത് എത്ര ദുരിതപൂർണമാണെന്ന് യുവതി തുറന്നു പറയുന്നു. വിഡിയോക്കൊപ്പമുള്ള വിവരണം ഇങ്ങനെയായിരുന്നു:

‘ഞാൻ അടുത്തിലെ ബിഹാറിലുടെ ട്രെയ്നിൽ യാത്ര ചെയ്തു.പട്നയിൽനിന്നുള്ള ടിക്കറ്റിൽ എ.സി 2 കോച്ചിലായിരുന്നു എ​ന്റെ സീറ്റ്. ആഗ്രഹിച്ച​പോലെ ലോവർ ബെർത്ത് കിട്ടി. പക്ഷേ, യാത്രയിലുടനീളം സമാധാനം കിട്ടിയില്ല. പട്നയിൽനിന്നു തന്നെ ടിക്കറ്റെടുക്കാതെ ആളുകൾ എ.സി കോച്ചിൽ ഇടിച്ചു കയറി. ചെറിയ ഉന്തു തള്ളുമൊക്കെയുണ്ടായി. ഒരു ആന്റി വന്ന് എന്റെ സീറ്റിൽ ഇരുന്നു. ഞാൻ അവരോട് മാറിത്തരാൻ ആവശ്യപ്പെട്ടിട്ടും അവർ അനങ്ങിയില്ല. പിന്നെ ഞാനൊന്നും പറയാൻ പോയില്ല. എനിക്ക് കഷ്ടിച്ച് ഇ​രിക്കാനുള്ള ഇടം ലഭിക്കാൻ അവരോട് ആവർത്തിച്ച് ശബ്ദം ഉയർത്തേണ്ടി വന്നു’.

ഒട്ടും അച്ചടക്കമില്ലാത്ത യാത്രക്കാർക്ക് പുറമേ, എ.സി കോച്ച് വൃത്തികെട്ടതും ദുർഗന്ധം വമിപ്പിക്കുന്നതുമാണെന്ന് ആയുഷിയുടെ വിഡിയോ കാണിക്കുന്നു. തനിക്കത് എ.സി കോച്ച് ആണെന്നു പോലും തോന്നിയില്ലെന്നും മറിച്ച് സ്വന്തം പണം പാഴാക്കിയതായി തോന്നിയെന്നും അവൾ പറഞ്ഞു. ഒറ്റക്ക് യാത്ര ചെയ്ത് ശീലമുള്ള തനിക്ക് ആ ട്രെയിനിനുള്ളിൽ അതിജീവിക്കാൻ ഏറെ ബുദ്ധിമുട്ടായിരുന്നുവെന്നും അവർ പറഞ്ഞു.

ലക്ഷക്കണക്കിന് ആളുകൾ കണ്ട വിഡി​യോവിനൊപ്പം നൂറുകണക്കിന് ആളുകൾ തങ്ങളെ വലച്ച ട്രെയിൻ യാത്രകളുടെ സ്വന്തം കഥകൾ പങ്കിട്ടു.

‘ജീവിതത്തിലെ 12 വർഷം ഞാൻ ബിഹാറിലാണ് ചെലവഴിച്ചത്. സ്കൂൾ വിദ്യാഭ്യാസം അവിടെ പൂർത്തിയാക്കി. 12-ാം ക്ലാസ് കഴിഞ്ഞ് ഞാൻ കൊൽക്കത്തയിലെ കോളജിലേക്ക് മാറി. അവധിക്കാലത്ത് ഞാൻ ബിഹാറിൽ നിന്ന് കൊൽക്കത്തയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുമായിരുന്നു. ആദ്യത്തെ കുറച്ച് തവണ, കൂട്ടിക്കൊണ്ടുപോകാനും ഹോസ്റ്റലിൽ തിരികെ വിടാനും അച്ഛൻ വരുമായിരുന്നു, പക്ഷേ എല്ലായ്‌പ്പോഴും അത് സാധ്യമല്ലായിരുന്നു. അങ്ങനെ ഞാൻ ഒറ്റക്ക് യാത്ര ചെയ്യാൻ തുടങ്ങി! ഭയാനകമായിരുന്നു. എ.സി കമ്പാർട്ടുമെന്റുകളിൽ മാത്രമേ ഞാൻ യാത്ര ചെയ്യുമായിരുന്നുള്ളൂ. പക്ഷേ, ഒരിക്കലും സുരക്ഷിതത്വം തോന്നിയിട്ടില്ല! ഇപ്പോൾ 20 വർഷമായി, ഒന്നും മാറിയിട്ടില്ലെന്ന് തോന്നുന്നു’- ഒരു വനിത തന്റെ ദുരനുഭവം പങ്കുവെച്ചു. 

Tags:    
News Summary - This is what it's like to be a woman traveling alone on an Indian flight; Woman shares experience in AC Kochi in Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.