റീൽസ് കാണുന്നതിനിടെ ഇന്റർനെറ്റ് കട്ടായി; കീടനാശിനി കഴിച്ച ഭാര്യക്ക് ചാണകവെള്ളം നൽകി ഭർത്താവ്, ദാരുണാന്ത്യം
റായ്പുർ: മൊബൈൽ ഇന്റർനെറ്റ് നിരന്തരം തടസ്സപ്പെട്ടതിനെ തുടർന്ന് കീടനാശിനി കഴിച്ച സ്ത്രീക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ കോർബ ജില്ലയിലാണ് സംഭവം. കീടനാശിനി കഴിച്ച സ്ത്രീയെ രക്ഷിക്കുന്നതിനായി ഭർത്താവ് ചാണകവെള്ളം നൽകിയെന്ന റിപ്പോർട്ടും പുറത്തുവന്നു.
മംഗ്ലോ ഭായ് എന്ന സ്ത്രീയാണ് മരിച്ചത്. ഫോണിൽ റീൽസ് കണ്ടുകൊണ്ട് ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു അവർ. റീൽസ് കാണുന്നതിനിടെ തുടർച്ചയായി നെറ്റ്‍വർക്ക് തടസ്സപ്പെട്ടു. ഇത് സ്ത്രീയെ പ്രകോപിതയാക്കി. തുടർന്ന് മംഗ്ലോ ഭായ് തന്റെ ഫോൺ നിലത്ത് ഇടിച്ച് പൊട്ടിച്ചു കളഞ്ഞു. തുടർന്ന് മുറിയിൽ കയറി വാതിൽ പൂട്ടി കീശനാശിനി കഴിക്കുകയായിരുന്നു. ഇതോടെ അവരുടെ നില വഷളായി ഛർദിക്കാൻ തുടങ്ങി. രൂക്ഷമായ ഗന്ധം വന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ പരിശോധിച്ചപ്പോൾ മുറിയിൽ കീടനാശിനി കണ്ടെത്തി. ഇതോടെ സ്ത്രീയെ ആശുപത്രിയിലെത്തിക്കാൻ അടിയന്തര സേവനങ്ങളെ വിളിച്ചതായി ഭർത്താവ് പ്രേംലാൽ സാരഥി പറഞ്ഞു. ഇതിനിടെ ഛർദിക്കുന്നതിനായി ഭർത്താവ് ചാണകവെള്ളം കലക്കി കൊടുക്കുകയായിരുന്നു.
മംഗ്ലോ ഭായിയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ചികിത്സക്കിടെ മരിക്കുകയായിരുന്നു. ആശുപത്രി അധികൃതർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ കൃത്യമായ സാഹചര്യങ്ങളും മരണത്തിലേക്ക് നയിച്ച കാരണങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.