മോദി ഭരണത്തലവനായി കാൽ നൂറ്റാണ്ട്; ആഘോഷിക്കാൻ ബി.ജെ.പി

ന്യൂഡൽഹി: ഭരണത്തലവൻ എന്ന നിലക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 25 വർഷം പൂർത്തിയാക്കുന്നത് ആഘോഷമാക്കാൻ ബി.ജെ.പി. 2001 ഒക്ടോബർ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിയുടെ 25 വർഷത്തെ അർപ്പണബോധത്തോടെയുള്ള പൊതുസേവനം കണക്കിലെടുത്താണ് ആഘോഷമെന്നും ഇതിനായി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ‘സേവാ സങ്കൽപ് അഭിയാൻ’ എന്ന പേരിൽ പ്രത്യേക പ്രചാരണ പരിപാടിക്ക് രൂപം നൽകിയിട്ടുണ്ടെന്നും ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷൻ നിതിൻ നബിൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് രക്തദാന ക്യാമ്പുകളോടെ ആഘോഷ പരിപാടികൾ തുടങ്ങും. അന്നേ ദിവസം വൈകീട്ട് ഏഴ് മണിക്ക് മോദിയുടെ കാൽ നൂറ്റാണ്ട് കാലത്തെ സേവനത്തിന് നന്ദിസൂചകമായി ഓരോ വീട്ടിലും പ്രത്യേകിച്ച് സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളായവരുടെ വീടുകളിൽ ‘ആശീർവാദത്തിന്റെ ദീപം’ തെളിക്കും. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ ഏഴുവരെ ‘എന്റെ സ്വപ്നത്തിലെ ഭാരതം’ എന്ന വിഷയത്തിൽ സ്കൂളുകളിൽ ഉപന്യാസ, ചിത്രരചന, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കും. മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും വിജയികൾക്ക് സാക്ഷ്യപത്രങ്ങൾ നൽകും.

‘നമോ സേവ: പറയാത്ത കഥകൾ’ എന്ന പേരിൽ ഗ്രാമങ്ങളിൽ തെരുവു നാടകങ്ങളും സംഗീത ശിൽപങ്ങളും ഒരുക്കും. ചെറുപ്പക്കാർക്കായി ഇന്നവേഷൻ ചലഞ്ചും സമാപന പരിപാടിയായി ‘സദ്ഭരണ സംവാദവും’ നടത്തും.

ജനസേവനം രാഷ്ട്ര സേവനം എന്ന മന്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് 25 വർഷം പ്രവർത്തിച്ചതെന്നും ഇന്ന് ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നും ആഗോള വേദിയിൽ രാജ്യത്തിന്റെ നിലവാരവും അന്തസ്സും ക്രമാനുഗതമായി വർധിച്ചിട്ടുണ്ടെന്നും നിതിൻ നബിൻ പറഞ്ഞു. രാമക്ഷേത്രം, കാശി വിശ്വനാഥ് ഇടനാഴി, സോമനാഥ്, മഹാകാൽ ഇടനാഴികൾ എന്നിവ പരാമർശിച്ച് മോദിയുടെ നേതൃത്വത്തിൽ രാജ്യം അതിന്റെ സാംസ്കാരിക സ്വത്വവും പൈതൃകവും ശക്തിപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Modi 25 years as head of govt, BJP fete planned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.