ഗാന്ധിനഗറിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു; നിരവധി തൊഴിലാളികൾ കുടുങ്ങി
ഗാന്ധിനഗർ: ഗുജറാത്തിലെ ഗാന്ധിനഗറിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ് നിരവധി തൊഴിലാളികൾ കുടുങ്ങി. ഗാന്ധിനഗറിലെ കുഡാസൻ മേഖലയിലാണ് ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം.
കെട്ടിടത്തിന്റെ സീലിങ് സ്ലാബിന്റെ ഒരു ഭാഗം തകർന്നുവീണതിനെ തുടർന്ന് തൊഴിലാളികൾ കോൺക്രീറ്റിന്റെയും ഇരുമ്പ് അവശിഷ്ടങ്ങളുടെയും ഇടയിൽ കുടുങ്ങുകയായിരുന്നു. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ ക്രെയിൻ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ഇടിച്ചതാണ് ഇരുമ്പ് സ്ലാബ് തകരാൻ കാരണമെന്നാണ് വിവരം. എന്നാൽ അപകടത്തിന്റെ കൃത്യമായ കാരണം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
അപകടം സംഭവിച്ചതിന് പിന്നാലെ ഗാന്ധിനഗർ ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ രക്ഷാപ്രവർത്തക സംഘങ്ങളും പൊലീസും സ്ഥലത്തെത്തി. വലിയ ഇരുമ്പ് അവശിഷ്ടങ്ങളും കോൺക്രീറ്റും നീക്കിയാണ് രക്ഷാപ്രവർത്തനം.
ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ് സംഘവി സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 15 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. അതിൽ 12 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നുപേരെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. അപകടസ്ഥലത്ത് കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി രക്ഷാപ്രവർത്തകർ പരിശോധന തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.