അനുമതിയില്ലാതെ ബാങ്ക് അക്കൗണ്ടിൽനിന്ന് 20 രൂപ വെട്ടിച്ചു; ഉടമയ്ക്ക് വൻതുക നഷ്ടപരിഹാരം നൽകാൻ വിധിച്ച് ഉപഭോക്തൃ കമീഷൻ

അമൃത്സർ: ഉപഭോക്താവിന്റെ അക്കൗണ്ടിൽനിന്ന് മുന്നറിയിപ്പില്ലാതെ 20 രൂപ അനധികൃതമായി പിടിച്ചെടുത്ത ബാങ്കിന് വൻതുക പിഴ. പഞ്ചാബിലെ ഒരു ബാങ്കിനാണ് സേവനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ഉപഭോക്തൃ കമീഷൻ 15,000 രൂപ പിഴ ഈടാക്കിയത്. പിഴത്തുക നഷ്ടപരിഹാരമായും വ്യവഹാരച്ചെലവായും നൽകണമെന്നും ഉപഭോക്തൃ കമീഷൻ ഉത്തരവിട്ടു.

പ്രധാനമന്ത്രി സുരക്ഷ ബിമാ യോജനയുടെ പേരിൽ സേവിങ്സ് അക്കൗണ്ടിൽനിന്ന് തന്റെ സമ്മതമില്ലാതെയാണ് പണം ഈടാക്കിയെന്ന പരാതിയുമായി യുവാവ് കമീഷനെ സമീപിക്കുകയായിരുന്നു. രേഖാമൂലമോ അല്ലാതെയോ യാതൊരുവിധ അനുവാദവും താൻ നൽകിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 50000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി.

പ്രിസൈഡിങ് മെമ്പർ യാദ്വീന്ദർ പാൽ സിങ് ബാത്ത്, മെമ്പർ രേണു ഗാന്ധി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സിസ്റ്റം തകരാറ് മൂലം അബദ്ധത്തിൽ സംഭവിച്ചതാണെന്നും തുക പിന്നീട് പലിശ സഹിതം തിരികെ നൽകി മാപ്പ് അപേക്ഷിച്ചിട്ടുണ്ടെന്നുമായിരുന്നു ബാങ്കിന്റെ വാദം. എന്നാൽ പരാതി നൽകിയ ശേഷമാണ് തുക തിരികെ നൽകിയതെന്നും, ബാങ്കിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്നും കമീഷൻ നിരീക്ഷിച്ചു. മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം ബാങ്കിന്റെ വീഴ്ച ഇല്ലാതാകുന്നില്ലെന്നും ഉപഭോക്താവിന് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതിന് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്നും ഉത്തരവിൽ വ്യക്തമാക്കി.

Tags:    
News Summary - Consumer Commission Fines Bank for Unauthorized ₹20 Deduction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.