'തമ്പി വിജയ്, ചരിത്രം തിരുത്താനാവില്ല, സിനിമ ഷൂട്ടിങ് അല്ല ഭരണം'; മുഖ്യമന്ത്രി വിജയ്ക്കെതിരെ ആഞ്ഞടിച്ച് സ്റ്റാലിൻ
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ മിസ നിയമത്തെക്കുറിച്ചും തന്റെ താടിയിലെ പരിക്കിനെക്കുറിച്ചും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നടത്തിയ പരാമർശങ്ങൾക്കും ആംഗ്യങ്ങൾക്കും കടുത്ത ഭാഷയിൽ മറുപടി നൽകി ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. സഭയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും റീൽസുകളും ഫോട്ടോഷൂട്ടുകളും വഴി ഭരണപരാജയം മറച്ചുവെക്കാനാണ് വിജയ് ശ്രമിക്കുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'തമ്പി വിജയ്' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് സ്റ്റാലിൻ സംസാരിച്ചത്. 'നിങ്ങൾ സഭയെ റീൽസുകൾ ചിത്രീകരിക്കുന്ന സ്ഥലമാക്കി മാറ്റിയിരിക്കുകയാണ്. ഞങ്ങൾ പണിത പാലങ്ങളിൽ കയറി നിന്ന് ഫോട്ടോഷൂട്ട് നടത്തുകയും ഭരണം ഒരു സിനിമ ഷൂട്ടിങ് പോലെ കൊണ്ടുനടക്കുകയുമാണ് നിങ്ങൾ ചെയ്യുന്നത്. അപ്രാപ്തമായ ഭരണം മറച്ചുവെക്കാൻ ഇത്തരം റീൽസുകൾ പോസ്റ്റ് ചെയ്ത് ഒരു തലമുറയെ മുഴുവൻ നിങ്ങൾ വഞ്ചിക്കുകയാണ്,' സ്റ്റാലിൻ പറഞ്ഞു. സഭയിൽ താടിക്ക് സമീപം കൈവെച്ച് വിജയ് നടത്തിയ ആംഗ്യം ഉദ്ദേശപ്പൂർവ്വമല്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് സ്റ്റാലിന്റെ ഈ പ്രതികരണം.
1976-ലെ അടിയന്തരാവസ്ഥക്കാലത്ത് താൻ അനുഭവിച്ച ക്രൂരമായ കസ്റ്റഡി പീഡനങ്ങളെക്കുറിച്ചും മിസ നിയമപ്രകാരമുള്ള അറസ്റ്റിനെക്കുറിച്ചും സ്റ്റാലിൻ ഓർത്തെടുത്തു. ജയിലിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റാണ് തനിക്ക് താടിയെല്ലിന് പരിക്കേറ്റതെന്നും, ആ അടി തടയുന്നതിനിടെയാണ് മുൻ മദ്രാസ് മേയറും ഡി.എം.കെ എം.പിയുമായ ചിട്ടി ബാബു ജയിലിൽുവെച്ച് കൊല്ലപ്പെട്ടതെന്നും സ്റ്റാലിൻ വ്യക്തമാക്കി. ഈ പോരാട്ടങ്ങൾ ഡി.എം.കെയുടെ പ്രത്യയശാസ്ത്ര ചരിത്രത്തിന്റെ ഭാഗമാണെന്നും, അത് മാറ്റിയെഴുതാൻ വിജയ്ക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ സർക്കാരിയ കമ്മീഷനെക്കുറിച്ചും അഴിമതി ആരോപണങ്ങളെക്കുറിച്ചുമുള്ള വിജയ്‌യുടെ വിമർശനങ്ങളെ സ്റ്റാലിൻ തള്ളി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതികാരം വീട്ടാനാണ് വിജയ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഒരു മുഖ്യമന്ത്രിയുടെ വാക്കും ശരീരഭാഷയും പദവിക്ക് അനുയോജ്യമായ ഗൗരവമുള്ളതായിരിക്കണമെന്ന് ഓർമിപ്പിച്ച സ്റ്റാലിൻ, വിജയ് നേരത്തെ തന്റെ വസതിയിലെത്തി തെരഞ്ഞെടുപ്പ് കാലത്തെ വിമർശനങ്ങൾക്ക് മാപ്പ് പറഞ്ഞ കാര്യവും വിഡിയോയിൽ പരാമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.