യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവമെടുത്തതിനെ തുടർന്ന് യുവതി മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

ചെന്നൈ: യൂട്യൂബിൽ നോക്കി വീട്ടില്‍ പ്രസവമെടുത്തതിനെ തുടർന്ന് യുവതി മരിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരി പുലിയംപട്ടി സ്വദേശി മദേഷിന്റെ ഭാര്യ എം. ലോകനായകിയാണ് (27) അമിത രക്തസ്രാവം കാരണം മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മദേഷിനെ (30) പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പുലിയംപട്ടിയിലെ വീട്ടിൽ ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ഓടെയായിരുന്നു പ്രസവം. പ്രസവവേദന അനുഭവപ്പെട്ടതോടെ ഭര്‍ത്താവ് മുന്‍കൈയെടുത്ത് വീട്ടില്‍ തന്നെ പ്രസവം നടത്തുകയായിരുന്നു. എന്നാല്‍, പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം ഉണ്ടാകുകയും യുവതിയുടെ നില വഷളാവുകയും ചെയ്തു. ഇതോടെ രാവിലെ 10.30ഓടെ ഭാര്യയെയും നവജാത ശിശുവിനെയും മദേഷ് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, അപ്പോഴേക്കും യുവതി മരിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ ഓഫിസര്‍ പൊലീസിനെ വിവരമറിയിച്ചു. പൊക്കിൾക്കൊടി മുറിക്കാതെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

വിവാഹം കഴിഞ്ഞ് ഏഴു വർഷത്തിന് ശേഷമാണ് ഇരുവർക്കും കുഞ്ഞ് പിറക്കുന്നത്. പ്രകൃതി ചികിത്സയിൽ വിശ്വസിച്ചിരുന്ന ബിരുദധാരികളായ ദമ്പതികൾ ആദ്യ പ്രസവം വീട്ടിൽ വെച്ച് മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഗർഭകാലത്ത് അഞ്ചുതവണ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലോകനായകി എത്തിയിരുന്നെങ്കിലും അവർക്ക് നൽകിയ മരുന്നുകൾ കഴിച്ചിരുന്നില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

യൂട്യൂബ് നോക്കിയാണ് മദേഷ് വീട്ടില്‍ പ്രസവമെടുക്കുന്ന രീതി മനസ്സിലാക്കിയതെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ പ്രസവമെടുക്കുന്ന വിഡിയോകള്‍ ഇയാള്‍ യൂട്യൂബില്‍ നിരന്തരം കണ്ടിരുന്നതായി അയല്‍ക്കാരും മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് മദേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്നും കുറ്റങ്ങള്‍ സ്ഥിരീകരിച്ചാല്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Woman dies after giving birth at home after watching YouTube; Husband in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.