മുംബൈ: തമന്ന, ദസ്തക്, ത്രിശക്തി, ജോഷ്, ഇസ്‌കി ടോപ്പി ഉസ്‌കെ സാർ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടൻ ശരദ് കപൂറിനെതിരെ ലൈംഗിക പരാതിയുമായി 32കാരിയായ യുവതി രംഗത്ത്.
ജോലിയെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന നടൻ വീട്ടിലേക്ക് ക്ഷണിച്ചു ബലാത്സംഗത്തിനു ശ്രമിച്ചെന്നാണ് യുവതി ഖാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പരാതിയിൽ പൊലീസ് നവംബർ 27ന് ഭാരതീയ ന്യായ സൻഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫേസ്‌ബുക്കിലൂടെയാണ് ശരദ് കപൂറുമായി ആദ്യം ബന്ധപ്പെട്ടതെന്ന് യുവതി പറഞ്ഞു. പിന്നീട് ഒരു ഷൂട്ടിങ് പ്രോജക്റ്റ് ചർച്ച ചെയ്യാൻ യുവതിയെ കാണാൻ ശരദ് കപൂർ താൽപ്പര്യം പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് ഖാറിലെ ഓഫിസ് സന്ദർശിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഓഫിസായി നൽകിയത് വീടിന്റെ അഡ്രസായിരുന്നു.
ശരദിന്റെ വീട്ടിൽ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറുകയും ബലാത്സംഗത്തിന് ശ്രമിക്കുകയുമായിരുന്നു. തുടർന്ന് തുടർന്ന് യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. ഭാരതീയ ന്യായ് സൻഹിതയിലെ സെക്ഷൻ 74, 75, 79 വകുപ്പുകൾ പ്രകാരം ശരദ് കപൂറിനെതിരെ ഖാർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
അതിനിടെ, ആരോപണങ്ങൾ നടൻ ശരദ് കപൂർ തള്ളി. ‘തനിക്കെതിരെ എപ്പോഴാണ് കേസ് ഫയൽ ചെയ്തതെന്ന് എനിക്കറിയില്ല. താൻ ന്യൂയോർക്കിൽ നിന്ന് തിരിച്ചെത്തിയതേയുള്ളു. പക്ഷേ ഇപ്പോൾ ഞാൻ കൊൽക്കത്തയിലാണ്. സംഭവം നടന്നിട്ടില്ല’, അദ്ദേഹം ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.