ന്യൂഡൽഹി: വിമാനയാത്രക്കാർക്ക് 10,000 രൂപയുടെ വൗച്ചറുമായി ഇൻഡിഗോ. ഡിസംബർ 3,4,5 തീയതികളിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കുടുങ്ങിപ്പോയ യാത്രക്കാർക്കാണ് ഇൻഡിഗോ വൗച്ചർ അനുവദിച്ചത്. അടുത്ത 12 മാസത്തിനുള്ളിൽ യാത്രക്ക് ഈ വൗച്ചർ ഉപയോഗിക്കമെന്നും ഇൻഡിയോ അറിയിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് പരിഗണിച്ചാണ് ഇൻഡിഗോ നടപടി.
വ്യോമയാന മന്ത്രാലയ ചട്ടമനുസരിച്ചുള്ള നഷ്ടപരിഹാരത്തിനു പുറമേയാണിത്. യാത്രയ്ക്ക് തൊട്ടുമുൻപുള്ള 24 മണിക്കൂറിനിടെ ടിക്കറ്റ് റദ്ദായ എല്ലാവർക്കും ടിക്കറ്റ് റീഫണ്ടിനു പുറമേ വിമാനത്തിന്റെ യാത്രാദൈർഘ്യം അനുസരിച്ച് 5,000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരവും ലഭിക്കും.
ന്യൂഡൽഹി: വ്യാപകമായി വിമാന സർവിസ് റദ്ദാക്കിയതിന് പിന്നാലെ ഇൻഡിഗോ എയർലൈൻസിന്റെ ദൈനംദിന മേൽനോട്ടത്തിന് സമിതി രൂപവത്കരിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). ഡെപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഓപറേഷൻസ് ഇൻസ്പെക്ടർ, സീനിയർ ഫ്ലൈറ്റ് ഓപറേഷൻസ് ഇൻസ്പെക്ടർമാർ എന്നിവരടങ്ങുന്ന എട്ടുപേരാണ് സമിതിയിലുള്ളത്. ഇതിൽ രണ്ട് അംഗങ്ങളെ ഇൻഡിഗോയുടെ മുംബൈയിലെ കോർപറേറ്റ് ഓഫിസിൽ നിയോഗിക്കും. ദിവസവും ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ അവർ നിരീക്ഷിക്കും.
ആകെ എത്ര വിമാനങ്ങൾ സർവിസ് നടത്തുന്നു, ഓരോ വിമാനവും പറക്കുന്ന ദൂരം, അതത് ദിവസം ഡ്യൂട്ടി ചെയ്യുന്ന പൈലറ്റുമാരുടെ എണ്ണം, നെറ്റ്വർക്ക് വിശദാംശങ്ങൾ, ജീവനക്കാർ ജോലി ചെയ്യുന്ന ആകെ സമയം, പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന പൈലറ്റുമാരുടെ എണ്ണം എന്നീ കാര്യങ്ങൾ അവർ നിരീക്ഷിക്കും. മുൻകൂട്ടി അറിയിപ്പ് നൽകാതെ ജീവനക്കാർ അവധിയെടുക്കുന്നത്, ജീവനക്കാരുടെ കുറവ് മൂലം ബാധിക്കപ്പെട്ട സർവിസുകൾ, സ്റ്റാൻഡ്ബൈ ആയുള്ള കോക്പിറ്റ്, കാബിൻ ജീവനക്കാർ എന്നീ കാര്യങ്ങളും നിരീക്ഷണ വിധേയമാക്കും.
ഇതിന് പുറമെ, ഡി.ജി.സി.എയിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരും കോർപറേറ്റ് ഓഫിസിലെത്തും. ആഭ്യന്തര, അന്തർദേശീയ സർവിസുകൾ റദ്ദാക്കൽ, റീഫണ്ട് നില, പ്രവർത്തനത്തിലെ കൃത്യത, വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം യാത്രക്കാർക്കുള്ള നഷ്ടപരിഹാരം, ബാഗേജ് തിരികെ എത്തിക്കൽ എന്നീ കാര്യങ്ങളാണ് അവർ നോക്കുക. ഈ രണ്ട് ടീമുകളും ഓരോ ദിവസവും വൈകീട്ട് ആറിന് ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.