നിശാക്ലബ് തീപിടിത്തം; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പടക്കങ്ങളും കരിമരുന്ന് പ്രയോഗവും നിരോധിച്ച് ഗോവൻ സർക്കാർ

പനാജി: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പടക്കങ്ങൾ, കരിമരുന്ന് പ്രയോഗങ്ങൾ എന്നിവ നിരോധിച്ച് ഉത്തര ഗോവ ജില്ലാ ഭരണകൂടം. നിശാക്ലബിൽ ഉണ്ടായ ദാരുണമായ തീപിടിത്തത്തിൽ 25 പേർ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഉത്തരവ് വരുന്നത്. ഡിസംബർ ആറിന് അർദ്ധരാത്രിയോടെ അർപോറയിലെ ബിർച്ച് ബൈ റോമിയോ ലെയ്ൻ നിശാക്ലബ്ബിൽ ഉണ്ടായ തീപിടുത്തത്തെത്തുടർന്ന് മുൻകരുതൽ നടപടിയായാണ് ഉത്തരവ്.

ഭാരതീയ നാഗരിക് സുരക്ഷ സംഹിത, 2023ലെ സെക്ഷൻ 163 പ്രകാരമാണ് വിനോദസഞ്ചാര സ്ഥാപനങ്ങൾക്കുള്ളിൽ പടക്കങ്ങൾ, സ്പാർക്ക്ലറുകൾ, കരിമരുന്ന് പ്രയോഗങ്ങൾ, തീ ഉയരുന്ന തരത്തിലുള്ള ഉപകരണങ്ങൾ, സ്മോക് ജനറേറ്ററുകൾ എന്നിവയുടെ ഉപയോഗം നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് ജില്ലാ ഭരണകൂടത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഉത്തര ഗോവയിലുടനീളമുള്ള നിശാക്ലബ്ബുകൾ, ബാറുകൾ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, റിസോർട്ടുകൾ, വിനോദ സ്ഥാപനങ്ങൾ എന്നിവക്ക് നിരോധനം ബാധകമാണ്.

അഗ്നി സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത ടൂറിസ്റ്റ് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രഖ്യാപിച്ചു. തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി കർശന സുരക്ഷ നടപടികൾ ഉറപ്പാക്കുന്നതിനായി പ്രമോദ് സാവന്ത് ഗോവ ജില്ലാ ഭരണകൂടങ്ങൾ, പൊലീസ്, സംസ്ഥാന ടൂറിസം മന്ത്രി റോഹൻ ഖൗണ്ടെ എന്നിവരുമായി ഉന്നതതല യോഗം ചേർന്നു.

അനധികൃത നിർമാണത്തിന്റെ പേരിൽ ​പഞ്ചായത്ത് പൊളിക്കാൻ ഉത്തരവിട്ട കെട്ടിടത്തിലാണ് ഡിസംബർ ആറിന് തീപിടിത്തമുണ്ടായത്. പിന്നാലെ, തിങ്കളാഴ്ച സമാന രീതിയിൽ പ്രവർത്തിക്കുന്ന റോമിയോ ക്ലബിന്റെ തന്നെ ഉടമസ്ഥതയിലുള്ള രണ്ട് നിശാ ക്ലബുകൾ അധികൃതർ പൂട്ടിച്ചിരുന്നു. ക്ലബ്‌ ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവർക്കായി ബ്ളൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ച സർക്കാർ ഇവരുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ക്ലബ് കൂടി പൊളിച്ചുകളയാനും ഉത്തരവിട്ടിട്ടു.

തീപിടിത്തം ഉണ്ടായതിന് പിന്നാലെ ലുത്ര സഹോദരന്മാർ രാജ്യം വിട്ടിരുന്നു. ഇരുവരെയും ഫുക്കറ്റിൽ നിന്ന് പിടികൂടിയിട്ടുണ്ട്. അവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. നിശാക്ലബ്ബിൽ തീപിടിത്തം ഉണ്ടാകുമ്പോൾ ഇരുവരും ഡൽഹിയിലെ വസതിയിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  

Tags:    
News Summary - Goa government bans fireworks in tourist establishments after deadly nightclub fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.