ബെലഗാവി: വിദ്വേഷ പ്രസംഗവും വിദ്വേഷ കുറ്റകൃത്യങ്ങളും തടയൽ ബിൽ സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ച് കർണാടക സർക്കാർ . ഡിസംബർ 4 ന് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച ഈ നിയമ നിർമാണം, കുറ്റകൃത്യങ്ങൾക്ക് ലക്ഷം രൂപ വരെ പിഴയും 10 വർഷം വരെ തടവും നിർദേശിക്കുന്നു.
ബിൽ അനുസരിച്ച്, സംസാരത്തിലൂടെയോ എഴുത്തിലൂടെയോ വാക്കുകളിലൂടെയോ അടയാളങ്ങളിലൂടെയോ ദൃശ്യമായ പ്രാതിനിധ്യങ്ങളിലൂടെയോ ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെയോ മറ്റോ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരു പദപ്രയോഗവും വിദ്വേഷ പ്രസംഗമാണ്. ഒരു പ്രത്യേക വിഭാഗത്തിനോ വ്യക്തികൾക്കോ സമൂഹത്തിനോ പരിക്കേൽപിക്കുക, ക്രമസമാധാന പ്രശ്നം ഉണ്ടാക്കുക, ശത്രുത, വിദ്വേഷം എന്നിവ ഉണ്ടാക്കുക, മുൻവിധിയോടെയുള്ള താൽപര്യങ്ങൾനിറവേറ്റുക എന്നിവയും കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും.
മതം, വംശം, ജാതി, സമൂഹം, ലിംഗഭേദം, ജനനസ്ഥലം, താമസസ്ഥലം, ഭാഷ, വൈകല്യം, ഗോത്രം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പക്ഷപാതം കാണിക്കുന്ന ഏതൊരു പദപ്രയോഗത്തെയും ബിൽ വിദ്വേഷ പ്രസംഗമായി തരംതിരിക്കുന്നു.
വാക്കാലുള്ളതോ രേഖാമൂലമോ അച്ചടിച്ചതോ ഇലക്ട്രോണിക് അല്ലെങ്കിൽ മറ്റേതെങ്കിലും മാധ്യമങ്ങളിലൂടെയോ പരസ്യമായി വിദ്വേഷ പ്രസംഗം പ്രകടിപ്പിക്കുന്നതിനെയാണ് ബിൽ നിർവചിക്കുന്നത്. വിദ്വേഷ കുറ്റകൃത്യം ചെയ്തതായി കണ്ടെത്തിയാൽ കുറഞ്ഞത് ഒരു വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. ആവർത്തിച്ചുള്ളതോ തുടർന്നുള്ളതോ ആയ കുറ്റകൃത്യങ്ങൾക്ക്, ശിക്ഷ കുറഞ്ഞത് രണ്ട് വർഷം വരെ തടവും ഇത് 10 വർഷം വരെ നീളാവുന്നതും ഒരു ലക്ഷം രൂപ പിഴയും ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.