ഷിംല: 21 ടീ എസ്റ്റേറ്റ് തൊഴിലാളികളുമായി പോയ ഒരു ട്രക്ക് അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപമുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് 17 പേർ മരിച്ചതായി സംശയം. കഴിഞ്ഞ തിങ്കളാഴ്ച നടന്ന അപകടം രക്ഷപ്പെട്ട ഒരാൾ അധികൃതരെ അറിയിച്ചപ്പോഴാണ് പുറംലോകമറിഞ്ഞത്.
അതിർത്തിയിലെ ഹയുലിയാങ്-ചഗ്ലഗാം റോഡിലാണ് വലിയ അപകടം നടന്നത്. പരിക്കേറ്റയാൾ ചഗ്ലഗാം അതിർത്തി റോഡിൽ നിന്ന് 10,00അടിയിലധികം താഴ്ചയിൽ നിന്ന് കയറിവന്ന് മാരകമായ അപകടത്തെക്കുറിച്ച് അധികൃതരെ അറിയിക്കുകയായിരുന്നു.
കുറഞ്ഞത് 17തൊഴിലാളികളെങ്കിലും മരിച്ചതായി സംശയിക്കുന്നുവെന്ന് അൻജാവ് ഡെപ്യൂട്ടി കമീഷണർ മില്ലോ കോജിൻ പറഞ്ഞു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഒരാളെ പുറത്തെത്തിച്ച് അസമിലേക്ക് ചികിൽസക്കായി കൊണ്ടുപോയി.
ദുർഘടമായ ഭൂപ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ 13 മൃതദേഹങ്ങൾ കണ്ടെടുത്തു. ടിൻസുകിയയിലെ ഗെലാപുഖുരി ടീ എസ്റ്റേറ്റിൽ നിന്നുള്ള തൊഴിലാളികൾ നിർമാണ ജോലികൾക്കായി ഹയുലിയാങ്ങിലേക്ക് പോകുമ്പോൾ ട്രക്ക് കുന്നിൻ പ്രദേശത്തു നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞുവെന്നാണ് കരുതുന്നത്.
വിവരം അറിഞ്ഞ ഉടൻ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. പ്രാദേശിക അധികൃതരും ദുരന്ത നിവാരണ സംഘങ്ങളും സ്ഥലത്തെത്തി. അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഡിസംബർ 7 ന് സമാനമായ മറ്റൊരു സംഭവത്തിൽ, നാസിക്കിലെ കൽവാൻ താലൂക്കിലെ സപ്തശ്രിംഗ് ഗർ ഘട്ടിൽ ഒരു കാർ 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചിരുന്നു. വൈകുന്നേരം 4 മണിക്കാണ് അപകടം റിപ്പോർട്ട് ചെയ്തത്. യാത്രക്കാർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും ഏഴ് യാത്രക്കാരുണ്ടായിരുന്ന ടൊയോട്ട ഇന്നോവ വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.