ന്യൂഡൽഹി: ലോകത്തെ സുസ്ഥിരമാക്കി നിലനിർത്തുന്ന സുപ്രധാനഘടകം ഹിന്ദുവാണെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. ഹിന്ദുവില്ലാതെ ലോകത്തിന് നിലനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂർ സന്ദർശനത്തിനിടെയായിരുന്നു മോഹൻ ഭാഗവതിന്റെ പ്രസ്താവന. ഗ്രീസ്, ഈജിപ്ത്, റോം തുടങ്ങിയ സ്ഥലങ്ങളിൽ നിലനിന്നിരുന്ന സംസ്കാരങ്ങളെ ഇന്ത്യ അതിജീവിച്ചിട്ടുണ്ട്. ഹിന്ദുസമൂഹം അമൂർത്തമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം നിർമിക്കുമ്പോൾ ആദ്യം കരുത്താണ് വേണ്ടത്. സാമ്പത്തികമായി സ്വയംപര്യാപ്തതയിലെത്തുകയെന്നതാണ് രാജ്യം നേടേണ്ട ആദ്യ ലക്ഷ്യമെന്നും ഭാഗവത് പറഞ്ഞു. സമൂഹം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചത് കൊണ്ടാണ് മാവോയിസവും നക്സലിസവും ഇന്ത്യയിൽ ഇല്ലാതായതെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസവും മണിപ്പൂരിൽ നടന്ന പൊതുയോഗത്തിൽ മോഹൻ ഭാഗവത് പങ്കെടുത്തിരുന്നു.
മണിപ്പൂർ വിഷയത്തിൽ തങ്ങൾക്ക് കടുത്ത ആശങ്കയുണ്ടെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം മോഹൻ ഭാഗവത് നടത്തിയിരുന്നു. മണിപ്പൂരിലെ ജനങ്ങൾക്കൊപ്പം എന്നും ആർ.എസ്.എസുണ്ടാകും. സർക്കാർ മണിപ്പൂർ വിഷയത്തെ കുറിച്ച് അറിയുന്നുണ്ടോയെന്നതൊന്നും തങ്ങൾക്ക് പ്രശ്നമല്ലെന്ന് അദ്ദേഹം പറഞ്ഞു.
മണിപ്പൂരിന് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം സംഘം ചെയ്യും. കഴിഞ്ഞ മൂന്ന് വർഷമായി ഇതു തന്നെയാണ് സംഘപരിവാർ ചെയ്യുന്നതെന്നും മോഹൻ ഭാഗവത് അവകാശപ്പെട്ടു.
ഞങ്ങൾ ഒരു സർക്കാറിന്റേയും പിന്തുണയോടെയല്ല നിലനിൽക്കുന്നത്. സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യും. മണിപ്പൂരിലെ എല്ലാവർക്കും സഹായമെത്തിക്കാൻ ശ്രമിക്കുമെന്നും മോഹൻ ഭാഗവത് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.