ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് അറുതി വരുത്തിയ ‘വിബി- ജി റാം ജി’ ബില്ലിനെതിരെ പാതിരാത്രി തുടങ്ങിയ പ്രതിഷേധം പാർലമെന്റിന് പുറത്ത് അലയടിച്ചുകൊണ്ടിരിക്കെ ശൈത്യകാല സമ്മേളനം അവസാനിപ്പിച്ച് ലോക്സഭയും രാജ്യസഭയും ബജറ്റ് സമ്മേളനത്തിനായി പിരിഞ്ഞു. ആണവോർജ നിയമം, ‘വിബി- ജി റാം ജി’ അടക്കമുള്ള കേന്ദ്ര സർക്കാറിന്റെ നിർണായക ബില്ലുകൾ പാസാക്കുമ്പോൾ സഭയിലില്ലാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിരാഷ്ട്ര പര്യടനം കഴിഞ്ഞ് പാർലമെന്റിൽ തിരികെയെത്തിയ ദിവസമാണ് ശൈത്യകാല സമ്മേളനം അവസാനിപ്പിച്ചത്.
പ്രതിഷേധം അതിരുകടന്നെന്ന് ചൂണ്ടിക്കാട്ടി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ട വായു മലിനീകരണ ചർച്ച നടത്താതെയാണ് സർക്കാർ സമ്മേളനം അവസാനിപ്പിച്ചത്.
മോദി പാർലമെന്റിൽ തിരികെയെത്തുമ്പോഴും പ്രവേശന കവാടത്തിൽ തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാ എം.പിമാർ പാതിരാത്രി തുടങ്ങിയ പ്രതിഷേധം തുടരുകയായിരുന്നു. കോൺഗ്രസ് എം.പിമാർ ഗാന്ധി ചിത്രമേന്തി പാർലമെന്റ് കവാടത്തിന് മുന്നിൽ അണിനിരന്ന് മൗനമായി പ്രതിഷേധിച്ചാണ് സഭക്കുള്ളിലേക്ക് പോയത്. മോദി ലോക്സഭയിൽ പ്രവേശിച്ചപ്പോൾ ജയ് ശ്രീറാം വിളികളുമായി ഭരണപക്ഷവും മഹാത്മാ ഗാന്ധി കീ ജയ് വിളികളുമായി പ്രതിപക്ഷവും എതിരേറ്റു. സമ്മേളനം അവസാനിപ്പിക്കാനുള്ള നടപടികളിലേക്ക് സ്പീക്കർ ഓം ബിർള കടന്നപ്പോൾ കോൺഗ്രസ് എം.പിമാർ ‘മഹാത്മാ ഗാന്ധിയുടെ ചിത്രമുയർത്തി കാണിച്ചു. അഞ്ച് മിനിറ്റിനുള്ളിൽ നടപടി തീർത്ത് വന്ദേമാതരം ചൊല്ലി സഭ പിരിഞ്ഞു.
രാജ്യസഭയിൽ തലേന്ന് വിബി- ജി റാം ജി ബിൽ പാസാക്കിയത് ചട്ടവിരുദ്ധമായിട്ടാണെന്നുപറഞ്ഞ് ക്രമപ്രശ്നമുന്നയിക്കൻ ശക്തി സിങ് ഗോഹിൽ എഴുന്നേറ്റുവെങ്കിലും അത് അനുവദിക്കാതെ ചെയർമാൻ സി.പി. രാധാകൃഷ്ണൻ നടപടികൾ അവസാനിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വെക്കുകയും ചെയ്തു.
11.30ാടെ രാജ്യസഭ പിരിഞ്ഞ ശേഷവും തൃണമൂൽ കോൺഗ്രസ് എം.പിമാർ പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധം തുടർന്നു. ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആപ് നേതാവ് സഞ്ജയ് സിങ്ങും ശിവസേനാ ഉദ്ധവ് താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദിയും അവർക്കൊപ്പം കൂടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.