ന്യൂഡൽഹി: ചൈനീസ് ടാങ്കുകൾ 2020 ആഗസ്റ്റ് 31ന് രാത്രി 8.15 ആയപ്പോഴേക്കും ലഡാക്കിലെ റചിൻ ലായിലെ ഇന്ത്യൻ പോസ്റ്റുകളോട് അടുത്തപ്പോഴാണ് സൈനികമേധാവി ആയിരുന്ന റിട്ട. ജനറൽ മനോജ് മുകുന്ദ് നരവനെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ വിളിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ എന്നിവരെയും വിളിച്ച അദ്ദേഹം എന്ത് ഉത്തരവാണ് തരാനുള്ളത് എന്നാണ് ആരാഞ്ഞത്. മുകളിൽനിന്ന് അന്തിമ അനുമതി ലഭിക്കുന്നതുവരെ വെടിയുതിർക്കരുതെന്നായിരുന്നു ലഭിച്ച മറുപടി.
ചൈനീസ് പട്ടാളം മുന്നേറ്റം തുടർന്നപ്പോൾ രാജ്നാഥ് സിങ്ങിനെ തെരുതെരെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. എന്തുചെയ്യണമെന്ന കാര്യത്തിൽ രാഷ്ട്രീയ നേതൃത്വത്തിൽനിന്ന് വ്യക്തമായ നിർദേശമൊന്നും ലഭിച്ചുമില്ല. ചൈനീസ് പട്ടാളത്തിനുനേരെ നിറയൊഴിക്കാൻ വെമ്പൽ കൊള്ളുന്ന കമാന്‍ഡർമാരുടെയും, വ്യക്തമായ ഉത്തരവ് നൽകാതിരുന്ന സർക്കാർ സമിതിയുടെയും ഇടയിൽ താൻ നിസ്സഹായനായി നിന്നുവെന്നാണ് ജനറൽ നരവനെ എഴുതിയത്. രാത്രി പത്തരയോടെയാണ് രാജ്നാഥ് സിങ് തിരികെ വിളിച്ചത്.
ന്യൂഡൽഹി: രാജ്യത്തിന് ദിശ നിർണയിച്ചുകൊടുക്കുകയാണ് രാജ്യത്തിന്റെ നേതാവ് ചെയ്യേണ്ടതെന്നും അല്ലാതെ തീരുമാനങ്ങൾ മറ്റുള്ളവരുടെ ചുമലിലേക്കിട്ട് അതിൽനിന്ന് ഒളിച്ചോടുകയല്ല വേണ്ടതെന്നും എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി അതാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അതിർത്തിയിൽ ഇന്ത്യൻ ഭൂമിയിലേക്ക് ചൈനീസ് സൈന്യം കൈയേറിയ വേളയിൽ സൈന്യത്തോട് സ്വയം തീരുമാനമെടുക്കാൻ പറഞ്ഞെന്ന അന്നത്തെ കരസേനാ മേധാവിയുടെ വെളിപ്പെടുത്തൽ സഭയിൽ ഉന്നയിക്കാൻ അനുവദിക്കാത്തതിനു പിന്നാലെ പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
മുൻ കരസേനാ മേധാവി പറഞ്ഞത് താൻ സഭയിലുദ്ധരിക്കുമ്പോൾ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ഭയക്കുന്നു അതിനാൽ ഒളിച്ചോടുകയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. തന്നെ പറയാൻ അനുവദിക്കുന്നില്ല. അതിൽനിന്ന് എല്ലാം മനസ്സിലാകുമായിരുന്നു. എന്നാൽ, അതു പറയാൻ അവർ അനുവദിക്കുന്നില്ല. ഇതു ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നാണ് താൻ പറയുന്നത്. കരസേനാ മേധാവിയുടെ വാക്കുകളാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായും കരസേനാ മേധാവി നടത്തിയ സംഭാഷണമായിരുന്നു അത്. സഭയിൽതന്നെ പറയാനാണ് താൻ ആഗ്രഹിക്കുന്നത്. കരസേനാ മേധാവി എഴുതിയതെന്നും മോദിയും രാജ്നാഥ് സിങ്ങും അദ്ദേഹത്തോട് എന്താണ് പറഞ്ഞതെന്നും സഭയിൽ വ്യക്തമാക്കാനാണ് താൻ ആഗ്രഹിച്ചത്. അതിന് ഇവർക്കെന്തുകൊണ്ടാണ് ഭയമെന്ന് തനിക്ക് മനസ്സിലാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.