കശ്മീർ: വെടിനിർത്തൽ പ്രാബല്യത്തിലായെങ്കിലും പഴയ ബങ്കർകാല ഓർമകൾ തിരിച്ചെത്തി ആധി വിടാത്ത അതിർത്തി ഗ്രാമങ്ങൾ. 90കളിലെ കടുത്ത സംഘർഷകാലത്ത് ജമ്മു- കശ്മീരിലെ അതിർത്തി ഗ്രാമമായ ഉറിയിലടക്കം ജനം വ്യാപകമായി ബങ്കറുകളിൽ അഭയം തേടിയിരുന്നു. 2003ൽ വെടിനിർത്തൽ പ്രാബല്യത്തിലായതോടെയാണ് ജനം തിരികെ വീടുകളിലേക്ക് മടങ്ങിയത്. ഇവയേറെയും 2005ലെ വൻഭൂചലനത്തിൽ മണ്ണോടു ചേരുകയും ചെയ്തു.
സമാധാനം തിരികെയെത്തിയ രണ്ടു പതിറ്റാണ്ട് കാലം അതിർത്തിയിലെ വെടിവെപ്പും ഷെല്ലിങ്ങും നിലച്ചത് ബങ്കറുകൾ ചരിത്രമായെന്ന ആശ്വാസം നൽകിയതിനിടെയാണ് വീണ്ടും മേഖല പ്രശ്ന കലുഷിതമായത്. കഴിഞ്ഞദിവസം ഉറിയിൽ ഷെൽ വീണ് ഒരു സ്ത്രീക്ക് ജീവൻ നഷ്ടമായി. വ്യാപകമായി ഷെല്ലിങ് തുടർന്നത് ജനജീവിതം താളം തെറ്റിക്കുകയും ചെയ്തു. ഷെല്ലിങ് ശക്തമായ ഘട്ടത്തിൽ അരലക്ഷത്തിലേറെ പേർ ഉറിയിൽനിന്ന് നാടുവിട്ടിരുന്നു. അവർ തിരിച്ചുവന്നിട്ടുണ്ടെങ്കിലും ഏതുനിമിഷവും വന്നുവീഴാവുന്ന ഷെല്ലുകൾ തങ്ങളുടെ ജീവിതം തകർക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്.
ഒന്നരലക്ഷം പേർ താമസിക്കുന്ന ഉറിയിൽ 1990കളിലാണ് ആദ്യമായി ബങ്കറുകൾ നിർമിക്കുന്നത്. പഞ്ചായത്തിൽ ഒന്നോ രണ്ടോ ആണ് അവശേഷിക്കുന്നത്. സിലികോട്ട്, ചുരാന്ദ, ഹട്ലൻഗ, ബാൽകോട്ട്, സൗറ, ബാദ്ഗ്രഹൻ, തിൽവാരി, താജൽ തുടങ്ങി അതിർത്തിയോടു ചേർന്ന ഗ്രാമങ്ങളിൽ സമൂഹ ബങ്കറുകൾ നിലനിൽക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ ബങ്കർ നിർമാണം ത്വരിതപ്പെടുത്തണമെന്നാണ് അതിർത്തി ഗ്രാമവാസികളുടെ ആവശ്യം. ഇക്കാര്യത്തിൽ സർക്കാറുകൾ വാക്ക് നൽകാറുണ്ടെങ്കിലും പ്രാബല്യത്തിലായിട്ടില്ലെന്നാണ് പരാതി. ബങ്കറുകൾ ആവശ്യമായി വന്നിട്ടുണ്ടെന്ന് സർക്കാർ ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.