ന്യൂഡൽഹി: കോൺഗ്രസ് ചെയ്ത പല തെറ്റുകളുടെയും കാലത്ത് താൻ ഉണ്ടായിരുന്നില്ലെങ്കിലും പാർട്ടി ചരിത്രത്തിൽ നടന്ന എല്ലാറ്റിനും ഉത്തരവാദിത്തമേൽക്കുകയാണെന്ന് രാഹുൽ ഗാന്ധി.
എൺപതുകളിൽ നടന്നത് തെറ്റു തന്നെയാണെന്ന് താൻ പരസ്യമായി സമ്മതിച്ചതാണെന്നും യു.എസിലെ ബ്രൗൺ യൂനിവേഴ്സിറ്റിയിലെ വാട്സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികളുമായി നടന്ന സംവാദത്തിൽ അദ്ദേഹം പറഞ്ഞു. 1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിൽ ആ സമുദായവുമായി അടുക്കാൻ നടത്തുന്ന ശ്രമങ്ങളെ കുറിച്ച സിഖ് വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടിയിലായിരുന്നു ഉത്തരവാദിത്തമേൽക്കൽ.
‘‘സുവർണ ക്ഷേത്രത്തിൽ പലവട്ടം ഞാൻ പോയതാണ്. രാജ്യത്തെ സിഖ് സമുദായവുമായി ഹൃദയപൂർവമായ ബന്ധമാണുള്ളത്. മഹാന്മാരായ രാഷ്ട്രീയചിന്തകരും സാമൂഹിക പരിഷ്കർത്താക്കളുമൊന്നും മതഭ്രാന്തരായിരുന്നില്ല. ആളുകളെ കൊല്ലണമെന്നോ അകറ്റണമെന്നോ അടിച്ചമർത്തണമെന്നോ അവർ പറഞ്ഞിരുന്നില്ല.
അതിനാൽതന്നെ ബി.ജെ.പി പറയുന്നതൊന്നും ഹിന്ദു ദർശനത്തിന്റെ ഭാഗമേയല്ല. ഞാൻ മനസ്സിലാക്കുന്ന ഹിന്ദുദർശനം ബഹുസ്വരവും എല്ലാവരെയും ഉൾക്കൊള്ളുന്നതും സ്നേഹപൂർണവും സഹിഷ്ണുതയുള്ളതുമാണ്’’- ലോക്സഭ പ്രതിപക്ഷ നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.