ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ രാജ്യത്തെ യുവാക്കളോട് കടുത്ത അനീതിയാണ് നടപ്പാക്കുന്നതെന്ന് കോൺഗ്രസ്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അഗ്നിപഥ് പദ്ധതി നിർത്തലാക്കുമെന്നും പഴയ നിയമന പദ്ധതിയിലേക്ക് മടങ്ങുമെന്നും കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പറഞ്ഞു. പുതിയ പദ്ധതിയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതിയതിന് പിന്നാലെയാണിത്.
”രാജ്യത്തിന്റെ പ്രതിരോധ ചെലവ് വർധിച്ചുവരികയാണ്. നമ്മൾ പ്രതിരോധ കയറ്റുമതിയിലൂടെ ധാരാളം പണം സമ്പാദിക്കുന്നുണ്ടെന്ന് അടുത്തിടെ പറഞ്ഞിരുന്നു. അത്തരത്തിൽ പ്രതിരോധ വിഭാഗം പണമുണ്ടാക്കുന്നുണ്ടെങ്കിൽ നമ്മൾ പ്രാപ്തരാകുകയാണ്. അതിന് പ്രഗത്ഭരായ നമ്മുടെ ജവാന്രമാരുടെ ജോലിക്കും, നിയമനത്തിനും അവരുടെ കുടുംബങ്ങൾക്കും വേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കുക എന്നത് പ്രധാനമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ രാജ്യത്തെ സൈനികരെ ഇത്തരം പദ്ധതികളിലൂടെ തളർത്തുകയാണെന്നും സച്ചിൻ പറഞ്ഞു. കേന്ദ്രത്തിന് 4100 കോടി ജി-20 സമ്മിറ്റിനായും, 4800 കോടി പ്രധാനമന്ത്രിയുടെ വിമാനത്തിനായുംം, 20000 കോടി സെൻട്രൽ വിസ്ത പദ്ധതിക്കായും മുടക്കാമെങ്കിൽ പണം ലാഭിക്കാൻ നിയമന പദ്ധതികളെ ചൂഷണം ചെയ്യുന്നത് രാജ്യത്തെ സുരക്ഷക്ക് ദോഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരമൊരു നിയമം നടപ്പിലാക്കണമെന്ന് യുവാക്കളോ, സൈന്യമോ രാഷ്ട്രീയ പാർട്ടികളോ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. പ്രതിവർഷം ഏകദേശം 60-65000 നിയമനങ്ങൾ എന്നതിൽ നിന്ന് 40-45000 നിയമനങ്ങളെന്ന കണക്കിലേക്ക് പദ്ധതി പ്രാബല്യത്തിൽ വന്നതോടെ കുറവുണ്ടായിട്ടുണ്ട്. ഇപ്രകാരം മുന്നോട്ട്പോവുകയാണെങ്കിൽ രാജ്യം 1.4ദശലക്ഷം സൈനികരെന്നതിൽ നിന്ന് 800,000 എന്നതിലേക്ക് പത്ത് വർഷത്തിനുള്ളിലെത്തുമെന്നും കോൺഗ്രസ് നേതാവ് ദീപേന്ദർ ഹൂഡ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.