ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ ആത്മീയ തലസ്ഥാനമാക്കി മാറ്റും - അരവിന്ദ് കെജ്രിവാൾ

ഡെറാഡൂൺ: ആംആദ്മി പാർട്ടി അധികാരത്തിൽ വന്നാൽ ഉത്തരാഖണ്ഡിനെ "ഹിന്ദുക്കളുടെ അന്താരാഷ്ട്ര ആത്മീയ തലസ്ഥാനം" ആക്കുമെന്ന വാഗ്ദാനവുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തരാഖണ്ഡിലെത്തിയ കെജ്രിവാൾ ഹരിദ്വാറിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളിൽ ഇതുവരെയില്ലാത്ത രീതിയിലുള്ള വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രചാരണം തുടങ്ങിയത് മുതൽ ആംആദ്മി പാർട്ടി വാഗ്ദാനം ചെയ്യുന്നത്. പഞ്ചാബിന് നിരവധി വാഗ്ദാനങ്ങൾ നൽകിയ ശേഷം ഇപ്പോൾ ഉത്തരാഖണ്ഡിലേക്ക് ശ്രദ്ധ തിരിക്കുകയാണ് പാർട്ടി നേതാക്കൾ.

ഉത്തരാഖണ്ഡിനെ അന്താരാഷ്ട്ര തലത്തിൽ ഹിന്ദുക്കളുടെ ആത്മീയ തലസ്ഥാനമാക്കുന്നതിലൂടെ ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുകയും സംസ്ഥാന ടൂറിസത്തെ വലിയ രീതിയിൽ ഉത്തേജിപ്പിക്കാന്‍ കഴിയുമെന്നും കെജ്രിവാൾ പറഞ്ഞു. രാജ്യത്തെ പ്രധാന മതകേന്ദ്രങ്ങളിലേക്കുള്ള തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കെജ്‌രിവാൾ വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി തീർത്ഥയാത്രാ യോജനയിലൂടെ 40,000 ത്തോളം പേർക്ക് രാജ്യത്തെ വിവിധ ആരാധനാലയങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഡൽഹിയെ ഉദാഹരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനെ ചരിത്രപരമെന്നും കെജ്രിവാൾ വിശേഷിപ്പിച്ചു. ആംആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് ആദ്യമായി സത്യസന്ധമായ സർക്കാർ രൂപീകരിക്കുമെന്നും അതിലൂടെ അഴിമതി ഇല്ലാതാക്കുമെന്നും കെജ്രിവാൾ പറഞ്ഞു. കൂടാതെ 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും അവരുടെ ആവശ്യങ്ങൾക്കായി ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിമാസം 1000 രൂപ വീതം നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10ന് വോട്ടെണ്ണൽ നടക്കും.

Tags:    
News Summary - Will make Uttarakhand international spiritual capital for Hindus says Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.