ഡിസംബർ ആറിന് ബാബരി മസ്ജിദിന് തറക്കല്ലിടുമെന്ന് തൃണമൂൽ എം.എൽ.എ; പ്രീണന രാഷ്ട്രീയമെന്ന് ബി.ജെ.പി

കൊൽക്കത്ത: പുതിയ ബാബരി മസ്ജിദ് നിർമാണത്തിന് ഡിസംബർ ആറിന് തറക്കല്ലിടുമെന്ന് പ്രഖ്യാപിച്ച് പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് എം.എൽ.എ ഹുമയൂൺ കബീർ. ബാബരി ധ്വംസനത്തിന്റെ 33ാം വാർഷിക ദിനത്തിൽ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയിൽ പുതിയ ബാബരി മസ്ജിദ് നിർമാണത്തിനായി തറക്കല്ലിടുമെന്നാണ് പ്രഖ്യാപനം. മൂന്നു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം പഞ്ഞു. സംസ്ഥാനത്തെ വിവിധ മുസ്‍ലിം നേതാക്കൾ ഉൾപ്പെടെ രണ്ട് ലക്ഷത്തോളം ചടങ്ങിൽ പ​ങ്കെടുക്കുമെന്നും വാർത്താ ഏജൻസിക്കു നൽകിയ പ്രതികരണത്തിൽ തൃണമൂൽ എം.എൽ.എ പറഞ്ഞു.

അതേസമയം, ഹുമയൂൺ കബീറിന്റെ പ്രസ്താവനക്കെതിരെ ബി.ജെ.പിയും കോൺഗ്രസും രംഗത്തെത്തി.

ടി.എം.സിയുടേത് പ്രീണന രാഷ്ട്രീയമാണെന്നും, അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും ബി.ജെ.പി പശ്ചിമ ബംഗാൾ സെക്രട്ടറി പ്രിയങ്ക ടിബർവാൾ പ്രതികരിച്ചു.

തൃണമൂലിന്റെ മതേതരത്വം മതത്തെ മാത്രം ആശ്രയിച്ചുള്ളതാണ്. ബാബരി മസ്ജിദ് പുനഃസ്ഥാപിക്കുമെന്ന് പറയുമ്പോൾ, ആരെയാണ് അവർ ബാബരി മസ്ജിദിലേക്ക് വിളിക്കുക എന്ന് അറിയണം. എസ്‌.ഐ.ആർ ഭയന്ന് അതിർത്തിയിലേക്ക് ഓടിപ്പോകുന്ന റോഹിംഗ്യകളെയാണോ. അതോ, ബാബർ വന്ന് ബാബരി മസ്ജിദ് പണിയണോ? ഇത് പ്രീണന രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല -പ്രിയങ്ക ടിബ്രെവാൾ പറഞ്ഞു.

രാഷ്ട്രീയ വൽകരണ നീക്കമാണ് തൃണമൂലിന്റേതെന്ന് ബി.ജെ.പി നേതാവ് രാഹുൽ സിൻഹയും വിമർശിച്ചു. ‘കൃത്യമായ സ്ഥലത്ത് ആർക്കും പള്ളി പണിയാം. ആരും തങ്ങളുടെ മതം പിന്തുടരുന്നതിന് ഞങ്ങൾ എതിരല്ല. പള്ളിയെ രാഷ്ട്രീയ വൽകരിക്കാൻ ശ്രമിക്കുന്നവർ മുസ്‍ലികളെ അപമാനിക്കുകയാണ് -രാഹുൽ സിൻഹ പ്രതികരിച്ചു.

അതേസമയം, തൃണമൂൽ എം.എൽ.എയുടെ പ്രസ്താവനയെ ഉത്തർ പ്രദേശ് ​കോൺഗ്രസ് മുൻ പ്രസിഡന്റ് അജയ് കുമാർ ലല്ലുവും വിമർശിച്ചു. ‘തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, സ്ത്രീകൾ, കർഷകർ, തൊഴിലാളികൾ, സമത്വം ഉൾപ്പെടെ വിഷയങ്ങളാണ് കോൺഗ്രസ് സംസാരിക്കുന്നത്. പാർട്ടി എപ്പോഴും ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്നു. ഇതായിരിക്കണം തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡം’ -അജയ് കുമാർ ലല്ലു പറഞ്ഞു.

1992 ഡിസംബർ ആറിന് ഹിന്ദുത്വവാദികളുടെ നേതൃത്വത്തിൽ പൊളിച്ച ബാബരി മസ്ജിദിന് പകരം, അയോധ്യയിൽ മറ്റൊരിടത്ത് പള്ളി നിർമിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടുവെങ്കിലും, സംസ്ഥാന സർക്കാറിന്റെയും അധികൃതരുടെയും നടപടി മൂലം വൈകുമ്പോഴാണ് ബംഗാളിൽ മറ്റൊരു ബാബരി നിർമിക്കുമെന്ന് തൃണമൂൽ എം.എൽ.എയുടെ വിവാദ പ്രഖ്യാപനം.

Tags:    
News Summary - Will Lay Foundation Stone Of Babri Masjid On Dec 6 -TMC MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.