ന്യൂഡൽഹി: ഹൈദരാബാദിൽനിന്ന് ഉത്തർപ്രദേശിലേക്ക് ദാറുൽ ഉലൂം ദിയോബന്ദ് പരീക്ഷയെഴുതാൻ പോയ മുസ്‍ലിം വിദ്യാർഥികളെ കാവിവസ്ത്രധാരി ഭീഷണിപ്പെടുത്തുന്ന വിഡിയോ പുറത്ത്. തലയിൽ തൊപ്പിയും വെള്ള വസ്ത്രവും ധരിച്ച വിദ്യാർഥികളെ കണ്ടയുടൻ കാവിവസ്ത്രധാരി സമീപമെത്തുകയും പശുവിനെ അറുത്താൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥികൾ പറയുന്നു. ഡൽഹി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഉത്തർ പ്രദേശിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് ദാറുൽ ഉലൂം ദിയോബന്ദ്.
കാവിവസ്ത്രധാരി വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്ന വിഡിയോ വിദ്യാർഥികളിലൊരാൾ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. ‘ഹൈദരാബാദിൽനിന്ന് ദാറുൽ ഉലൂം ദിയോബന്ദ് പരീക്ഷക്ക് പോകാനാണ് ഞങ്ങൾ ഡൽഹിയിലെത്തിയത്. ഡൽഹി സ്റ്റേഷനിൽനിൽക്കുമ്പോൾ ഇയാൾ ഞങ്ങളെ ഭീഷണിപ്പെടുത്തി’ -വിഡിയോയിൽ പറയുന്നു. കാവിവസ്ത്രധാരി ഭീഷണി മുഴക്കുമ്പോൾ വിദ്യാർഥികളുടെ സംഘം പ്ലാറ്റ്ഫോമിൽ നിശബ്ദമായി നിൽക്കുന്നത് വിഡിയോയിൽ കാണാം. ‘പശുവിനെ കൊല്ലരുത്, പശുവിനെ കൊല്ലരുത്. അല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും...’ -എന്നായിരുന്നു അയാളുടെ ഭീഷണി.
താടിയും തൊപ്പിയും ധരിച്ച് പ്രത്യക്ഷത്തിൽതന്നെ മുസ് ലിം വിദ്യാർഥികളാണെന്ന് തിരിച്ചറിയുന്നതിനാൽ, കാവിവസ്ത്രധാരി തങ്ങളെ പ്രകോപിപ്പിച്ച് ജയിലിൽ അടക്കാൻ ശ്രമിച്ചതാണോയെന്ന സംശയമുണ്ടെന്ന് വിദ്യാർഥി വിഡിയോയിൽ ആശങ്ക പ്രകടിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളിലേക്ക് പരീക്ഷക്ക് പോകുന്ന വിദ്യാർഥികൾ സുരക്ഷിതരായിരിക്കാനും അക്രമികൾ നേരിടാൻ ശ്രമിച്ചാൽ ശാന്തത പാലിക്കണമെന്നും വിദ്യാർഥി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.