'അനിൽ അംബാനിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല?' സുപ്രീം കോടതിയിൽ ചോദ്യമുയർത്തി ഹരജിക്കാരൻ; 'മറുപടി നൽകാനാവില്ലെന്ന് സോളിസിറ്റർ ജനറൽ'

ന്യൂഡൽഹി: ബാങ്ക് തട്ടിപ്പ് കേസിൽ വ്യവസായി അനിൽ അംബാനി ഉൾപ്പെടെയുള്ളവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യത്തിന് മറുപടി നൽകാൻ കഴിയില്ലെന്ന് സുപ്രീം കോടതി വാദത്തിനിടെ സോളിസിറ്റർ ജനറൽ  തുഷാർ മേത്ത. അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പ്  40,000 കോടിയിലധികം രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് മുൻ ഉദ്യോഗസ്ഥനായ ഇ.എ.എസ്. ശർമ നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിക്കവെയായിരുന്നു ഈ പരാമർശം ഉണ്ടായത്.

അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പ് ഉൾപ്പെട്ട ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ എന്തുകൊണ്ടാണ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെ അറസ്റ്റ് ചെയ്യാത്തതെന്ന് ഹരജിക്കാരൻ സുപ്രീം കോടതിയിൽ ചോദിച്ചു. എന്നാൽ, ആരെ അറസ്റ്റ് ചെയ്യണം എന്നത് അന്വേഷണ ഏജൻസികളുടെ തീരുമാനമാണെന്നും അത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകാനാവില്ലെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

തട്ടിപ്പിന്റെ 'സൂത്രധാരൻ' എന്ന് സെബി വിശേഷിപ്പിച്ച അനിൽ അംബാനി ഇപ്പോഴും പുറത്താണെന്നും എന്നാൽ താഴേത്തട്ടിലുള്ള ജീവനക്കാർ അറസ്റ്റിലായെന്നും ഹരജിക്കാരന് വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷൺ വാദിച്ചു. അന്വേഷണ ഏജൻസികളായ സി.ബി.ഐയും ഇ.ഡിയും നിലവിലെ സ്ഥിതിവിവര റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ടെന്ന് എസ്.ജി കോടതിയെ അറിയിച്ചു. 'എന്തുകൊണ്ടാണ് എക്സിനെയോ വൈയെയോ അറസ്റ്റ് ചെയ്യാത്തതെന്ന് എനിക്ക് മറുപടി പറയാനാവില്ലെന്നും, കൃത്യമായ അന്വേഷണത്തിന് ശേഷമേ അറസ്റ്റ് പാടുള്ളൂ  എന്നും കൂട്ടിച്ചേർത്തു.

ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഉന്നതതലത്തിലുള്ളവരെ ചോദ്യം ചെയ്യുന്നതിൽ സി.ബി.ഐയും ഇ.ഡിയും കാണിക്കുന്ന വിമുഖതയിൽ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സുതാര്യമായ രീതിയിൽ കൃത്യസമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ കോടതി ഉത്തരവിട്ടു.

അനിൽ അംബാനിയുടെ ആസ്തികളിൽ നിന്ന് ഇതുവരെ 15,000 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. ഇതിൽ 4,400 കോടി രൂപ വിലമതിക്കുന്ന നവി മുംബൈയിലെ പ്രശസ്തമായ ധീരുഭായ് അംബാനി നോളജ് സിറ്റിയും ഉൾപ്പെടുന്നു.

Tags:    
News Summary - Why is Anil Ambani not being arrested?" Petitioner asks in Supreme Court; "Cannot provide an answer," says Solicitor General

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.