ന്യൂഡൽഹി: ആധാർ കാർഡുകൾ പൗരത്വത്തിന്റെയോ, സ്ഥിരതാമസത്തിന്റെയോ, മേൽവിലാസത്തിന്റെയോ രേഖയായി ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും, ഇത് കേവലം തിരിച്ചറിയൽ രേഖയായി മാത്രം പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിൽ കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. സമാനമായ മറ്റ് ഹർജികൾക്കൊപ്പം ഇതും സുപ്രീംകോടതി പരിഗണിക്കും. അഡ്വക്കറ്റ് അശ്വിനി കുമാർ ഉപാധ്യായ നൽകിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ നടപടി. പുതിയ വോട്ടർ രജിസ്ട്രേഷനുള്ള അപേക്ഷകളിൽ പ്രായം തെളിയിക്കുന്നതിനും വിലാസം സാക്ഷ്യപ്പെടുത്തുന്നതിനും ആധാർ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധവും ആധാർ നിയമങ്ങൾക്ക് വിരുദ്ധവുമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു.
2016ലെ ആധാർ നിയമത്തിലെ 9-ാം വകുപ്പ് പ്രകാരം ആധാർ പൗരത്വത്തിനോ സ്ഥിരതാമസത്തിനോ ഉള്ള തെളിവല്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ആധാർ എന്നത് കേവലം തിരിച്ചറിയൽ രേഖ മാത്രമാണെന്നും പൗരത്വത്തിന്റെയോ ജനനത്തീയതിയുടെയോ രേഖയല്ലെന്നും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ 2023 ആഗസ്റ്റിൽ പുറത്തിറക്കിയ വിജ്ഞാപനത്തിലും വ്യക്തമാക്കിയിട്ടുണ്ട്. ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും തെരഞ്ഞെടുപ്പ് കമീഷനും നിർദേശം നൽകണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു
എന്നാൽ, നിലവിൽ സ്കൂൾ പ്രവേശനം, വസ്തു വാങ്ങൽ, ജനന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ നേടുന്നതിനായി ആധാർ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് ഹർജിയിൽ പറയുന്നു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം-6 ലും ആധാർ വിലാസത്തിനും പ്രായത്തിനും രേഖയായി സ്വീകരിക്കുന്നുണ്ട്. മതിയായ പരിശോധനാ സംവിധാനങ്ങളുടെ കുറവ് കാരണം അനധികൃത കുടിയേറ്റക്കാർ ഉൾപ്പെടെയുള്ളവർ ആധാർ കാർഡ് ഉപയോഗിച്ച് വോട്ടർ പട്ടികയിൽ സ്ഥാനം പിടിക്കാൻ ഇത് ഇടയാക്കുമെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. നിലവിലെ വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിലെ വെരിഫിക്കേഷൻ സംവിധാനം അപൂർണമാണെന്നും കൃത്യമായ രേഖകൾ ഇല്ലാത്തവർക്കും ഇതിലൂടെ തെരഞ്ഞെടുപ്പ് ഡാറ്റാബേസിൽ കയറിക്കൂടാൻ സാധിക്കുമെന്നും ഹരജിയിൽ ആരോപിക്കുന്നു.
വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനാ സംവിധാനങ്ങൾ പൂർണമായി പരിഷ്കരിക്കണമെന്നും, ഇതിനായി വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെയും സൈബർ ഫോറൻസിക് വിദഗ്ധരുടെയും നേതൃത്വത്തിൽ ഉന്നതാധികാര സമിതി രൂപീകരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മറുപടി ലഭിച്ച ശേഷം സുപ്രീം കോടതി ഈ കേസിൽ തുടർവാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.