പവൻ കല്യാൺ

‘കോക്രോച്ച് ജനതാ പാർട്ടി രാജ്യത്തിന്റെ അഖണ്ഡത തകർക്കാൻ ശ്രമിക്കുന്നുവെന്ന്’ പവൻ കല്യാൺ; പാറ്റകളെന്ന് വിളിച്ചാലും യുവാക്കൾ പോരാടുമെന്ന് പ്രകാശ് രാജ്

ന്യൂഡൽഹി: രാജ്യമൊട്ടാകെ യുവാക്കൾക്കിടയിൽ വൻ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന 'കോക്രോച്ച് ജനതാ പാർട്ടി' പ്രസ്ഥാനത്തിനെതിരെയും അതിനെ പിന്തുണക്കുന്നവർക്കെതിരെയും കടുത്ത വിമർശനവുമായി നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. സി.ജെ.പി പ്രസ്ഥാനവും അതിനെ പിന്തുണക്കുന്നവരും ഇന്ത്യയുടെ അഖണ്ഡതയെ തകർക്കാൻ ഭിന്നിപ്പിന്റെ രാഷ്ട്രീയം ഉപയോഗിക്കുകയാണെന്ന് പവൻ കല്യാൺ ആരോപിച്ചു.

ന്യൂഡൽഹിയിൽ നടന്ന ജനസേന പാർട്ടി യോഗത്തിൽ സംസാരിക്കവെയാണ് പവൻ കല്യാൺ ഈ പ്രസ്ഥാനത്തെ ലക്ഷ്യം വെച്ചത്. ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് പവൻ കല്യാണിന്റെ ജനസേന പാർട്ടി. നടൻ പ്രകാശ് രാജും വിദ്യാഭ്യാസ പരിഷ്കർത്താവും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുകും ബംഗളൂരുവിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് പവൻ കല്യാണിന്റെ ഈ പ്രസ്താവന.

‘അടുത്തിടെ ഈ പാറ്റകളെ കുറിച്ച് നിങ്ങളും കേട്ടിട്ടുണ്ടാകും. തെലുങ്കിലെ ധാർമിക ഗ്രന്ഥമായ സുമതി ശതകം ആണ് എനിക്ക് ഓർമ വരുന്നത്. ചെറിയൊരു ഉറുമ്പോ ജീവിയോ വിചാരിച്ചാൽ പോലും വലിയൊരു പാമ്പിനെ കൊല്ലാൻ സാധിക്കും. അതുപോലെ, ഈ രാജ്യത്തിന്റെ രാഷ്ട്രീയത്തിന്റെ ആഴം മനസ്സിലാക്കാത്ത കുടുസ്സ് ചിന്താഗതിയുള്ള ആളുകൾ രാജ്യത്തിന്റെ ഐക്യത്തെ തകർക്കാൻ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ്. അത്തരം ചിന്തകളിൽ നമ്മൾ വീണുപോകരുത്’ പവൻ കല്യാൺ പറഞ്ഞു.

മകൻ അകിര നന്ദനുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ച കാര്യവും പവൻ കല്യാൺ പങ്കുവെച്ചു. തന്റെ മകന്റെ 20 പേരടങ്ങുന്ന വലിയൊരു സുഹൃദ്‌വലയത്തിൽ വെറും മൂന്ന് പേർ മാത്രമാണ് ഈ പ്രസ്ഥാനത്തെ ഫോളോ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ എ.എൻ.ഐ വാർത്താ ഏജൻസിയോട് സംസാരിച്ചപ്പോഴും ‘ഓടകളിൽ കഴിയുന്ന ജീവിയാണ് പാറ്റ’ എന്ന് പറഞ്ഞുകൊണ്ട് പവൻ കല്യാൺ സി.ജെ.പിയെ പരിഹസിച്ചിരുന്നു.

തങ്ങളെ ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് ബംഗളൂരുവിൽ നടന്ന പ്രതിഷേധത്തിനിടെ നടൻ പ്രകാശ് രാജ് തുറന്നടിച്ചു. പ്രതിഷേധിക്കുന്നവരെ ദേശവിരുദ്ധർ, പാകിസ്താനികൾ അല്ലെങ്കിൽ ഭീകരവാദികൾ എന്ന് മുദ്രകുത്തി നിശബ്ദരാക്കാൻ കഴിയില്ലെന്ന് പ്രകാശ് രാജ് വ്യക്തമാക്കി.

‘നിങ്ങൾ ഞങ്ങളെ പാകിസ്താനികളെന്നോ ഭീകരവാദികളെന്നോ പാറ്റകളെന്നോ വിളിച്ചോളൂ, ഞങ്ങൾക്ക് ഭയമില്ല. തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾ അവരുടെ ജോലി ചെയ്യണം. രാഷ്ട്രീയക്കാർ രാഷ്ട്രീയം കളിക്കുകയും യുവാക്കൾ ജോലി അന്വേഷിച്ചു നടക്കുകയും വേണമെന്ന സമവാക്യം മാറ്റിമറിക്കാൻ സമയമായി. ഈ രാജ്യത്തെ യുവാക്കൾ അവരുടെ അവകാശങ്ങൾക്കായി പോരാടാൻ തീരുമാനിച്ചു കഴിഞ്ഞു’ പ്രകാശ് രാജ് പറഞ്ഞു.

കഴിഞ്ഞ കുറച്ചേറെ ആഴ്ചകളായി രാജ്യത്തെ വിദ്യാഭ്യാസ-പരീക്ഷാ സമ്പ്രദായങ്ങളിലെ ക്രമക്കേടുകൾക്കെതിരെയും പരീക്ഷാ ചോദ്യപേപ്പർ തൊഴിലില്ലായ്മക്കെതിരെയും ശബ്ദമുയർത്തുന്ന യുവാക്കളുടെ നേതൃത്വത്തിലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് 'കോക്രോച്ച് ജനതാ പാർട്ടി' . ഇവരുടെ മുദ്രാവാക്യങ്ങൾക്കും പ്രതിഷേധങ്ങൾക്കും നിലവിൽ വലിയ രീതിയിലുള്ള ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Tags:    
News Summary - Cockroach Janata Party is trying to destroy the integrity of the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.