സഹകരണ കാർഷിക വായ്പകൾ എഴുതിത്തള്ളി; 75,000 രൂപ വരെയുള്ള വായ്പകൾക്ക് പൂർണ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

ചെന്നൈ: തമിഴ്‌നാട്ടിലെ സഹകരണ ബാങ്കുകളിൽനിന്ന് കർഷകർ എടുത്ത കാർഷിക വായ്പകൾ എഴുതിത്തള്ളാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചു. 2025 മേയ് ഒന്നു മുതൽ 2026 ഫെബ്രുവരി 28 വരെ എടുത്ത 75,000 രൂപ വരെയുള്ള വായ്പകളാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൂർണമായും എഴുതിത്തള്ളും.

സെക്രട്ടേറിയറ്റിൽ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് കർഷകരുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രി ഈ നിർണായക തീരുമാനമെടുത്തത്. 75,000 രൂപയിൽ കൂടുതൽ വായ്പയെടുത്തവർക്ക് 35,000 രൂപ വരെ ഇളവ് ലഭിക്കും. ഈ നടപടിയിലൂടെ സംസ്ഥാനത്തെ 14.43 ലക്ഷം കർഷകർക്ക് ഗുണമുണ്ടാകുമെന്നും സർക്കാരിന് അധികമായി 5,932 കോടി രൂപയുടെ ബാധ്യത വരുമെന്നും ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു.

നേരത്തെ ചെറുകിട, നാമമാത്ര കർഷകർക്കായി 50,000 രൂപ വരെയുള്ള വായ്പകൾ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, കർഷകരുടെ നിവേദനം പരിഗണിച്ച് തുക വർധിപ്പിക്കുകയായിരുന്നു. റിസർവ് ബാങ്കിന്റെ വായ്പ എഴുതിത്തള്ളൽ പദ്ധതിയിലെ മാർഗനിർദേശങ്ങൾ അനുസരിച്ച്, അനുവദിച്ച തുക 45 മുതൽ 60 ദിവസത്തിനുള്ളിൽ കർഷകരിലേക്ക് എത്തിക്കും. വരാനിരിക്കുന്ന കൃഷി സീസണിൽ പുതിയ വായ്പകൾ ലഭ്യമാക്കാൻ ഈ തീരുമാനം കർഷകരെ വലിയ തോതിൽ സഹായിക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വ്യക്തമാക്കി.

Tags:    
News Summary - Chief Minister C. Joseph Vijay announces a full waiver of cooperative agricultural loans up to ₹75,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.