പ്രതീകാത്മക ചിത്രം
ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ 19കാരന്റെ ശിക്ഷയിൽ വലിയ ഇളവ് നൽകി മദ്രാസ് ഹൈക്കോടതി. ട്രയൽ കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി 10 വർഷത്തെ കഠിനതടവായി കുറച്ചു. കൗമാരപ്രായത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളുടെ സ്വാധീനം കോടതികൾക്ക് അവഗണിക്കാനാവില്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ്, ജസ്റ്റിസ് കെ.കെ. രാമകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
എട്ടാം ക്ലാസ് മുതൽ പരസ്പരം അറിയാവുന്നവരും പ്രണയത്തിലായിരുന്നവരുമാണ് ഇരുവരുമെന്നും, പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം ഹൈക്കോടതി തള്ളി. 'ബന്ധം എത്രത്തോളം യഥാർത്ഥമോ പ്രണയഭരിതമോ ആണെന്ന് തോന്നിയാലും, പ്രായപൂർത്തിയാകാത്ത ഒരു കുട്ടിക്ക് ലൈംഗിക ബന്ധത്തിന് നിയമപരമായി സമ്മതം നൽകാനാകില്ല. പോക്സോ നിയമപ്രകാരം കുട്ടികളുടെ സംരക്ഷണം പൂർണമാണ്. എന്നാൽ, കുറ്റകൃത്യം നടക്കുമ്പോൾ പ്രതിക്ക് വെറും 19 വയസ്സ് മാത്രമായിരുന്നു പ്രായം. ഈ പ്രായത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളുടെ പ്രതികൂല സ്വാധീനം കോടതിക്ക് തള്ളിക്കളയാനാവില്ല. അതുകൊണ്ട് തന്നെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ കഠിനമാണ്,' - ഹൈക്കോടതി ജൂൺ 15ന് പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കി. പോക്സോ നിയമപ്രകാരമുള്ള കുറ്റം നിലനിർത്തിയ കോടതി, ശിക്ഷ 10 വർഷം കഠിനതടവായും 5,000 രൂപ പിഴയായും ഉത്തരവിട്ടു.
വിചാരണ കോടതി പ്രതിക്ക് സ്വാഭാവിക മരണം വരെയുള്ള ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത് 2019ലെ ഭേദഗതി ചെയ്ത കർശനമായ പോക്സോ നിയമപ്രകാരമായിരുന്നു. എന്നാൽ, ഹൈക്കോടതി കേസ് വിശദമായി പരിശോധിച്ചപ്പോൾ ഒരു നിർണായക വിവരമാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊഴിപ്രകാരം ആദ്യമായി ലൈംഗിക അതിക്രമം നടന്നത് 2019 ആഗസ്റ്റ് 7നാണ്. എന്നാൽ, പോക്സോ നിയമത്തിൽ ശിക്ഷ കർശനമാക്കിക്കൊണ്ടുള്ള പുതിയ ഭേദഗതി പ്രാബല്യത്തിൽ വന്നത് 2019 ആഗസ്റ്റ് 16നാണ്. കുറ്റം നടന്ന് 9 ദിവസങ്ങൾക്ക് ശേഷമാണ് നിയമം മാറിയത്.
ഒരു കുറ്റം നടക്കുമ്പോൾ നിലവിലുള്ള നിയമപ്രകാരമുള്ള ശിക്ഷ മാത്രമേ പ്രതിക്ക് നൽകാവൂ എന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 20(1) മുൻനിർത്തി, ഭേദഗതിക്ക് മുൻപുള്ള നിയമപ്രകാരമുള്ള പരമാവധി ശിക്ഷയായ 10 വർഷമായി കോടതി തടവ് കാലാവധി നിജപ്പെടുത്തുകയായിരുന്നു. ഡി.എൻ.എ പരിശോധനയിലൂടെ പ്രതി തന്നെയാണ് കുട്ടിയുടെ പിതാവെന്ന് തെളിഞ്ഞിരുന്നു. വിചാരണ കോടതി പ്രതിക്കെതിരെ ചുമത്തിയ എസ്‌സി/എസ്ടി അതിക്രമ നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ആത്മഹത്യാ പ്രേരണാ കുറ്റവും ഹൈക്കോടതി റദ്ദാക്കി.
പെൺകുട്ടിയുടെ ഗർഭവിവരമറിഞ്ഞപ്പോൾ പ്രതി വിവാഹത്തിൽ നിന്ന് പിന്മാറിയതും ജാതി വ്യത്യാസം പറഞ്ഞതുമാണ് എസ്‌സി/എസ്ടി വകുപ്പുകൾ ചുമത്താൻ കാരണമായത്. എന്നാൽ, ഇരുവരും തമ്മിലുള്ള ബന്ധം ജാതി നോക്കിയുള്ള ഒന്നല്ലായിരുന്നുവെന്നും സ്വാഭാവികമായി ഉണ്ടായ പ്രണയമാണെന്നും നിരീക്ഷിച്ച കോടതി എസ്‌സി/എസ്ടി വകുപ്പുകൾ റദ്ദാക്കി. കൂടാതെ, പ്രതി പെൺകുട്ടിയോട് 'പോയി ചാവാൻ' പറഞ്ഞതിനെത്തുടർന്ന് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു എന്ന വാദത്തിന് കൃത്യമായ നിയമപരമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ആത്മഹത്യാ പ്രേരണാ കുറ്റത്തിൽ നിന്നും പ്രതിയെ കോടതി മോചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.