'ബി.ജെ.പി ധാർമ്മികതയില്ലാത്ത പാർട്ടി; തൃണമൂലിനെ തകർത്തത് ജനാധിപത്യ വിരുദ്ധം' - അരവിന്ദ് കെജ്രിവാൾ

പനാജി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ തകർക്കാൻ ഭാരതീയ ജനതാ പാർട്ടി ജനാധിപത്യ വിരുദ്ധ മാർഗ്ഗങ്ങൾ ഉപയോഗിച്ചുവെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു. കേന്ദ്ര ഏജൻസികളെയും പണത്തെയും ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ ഇല്ലാതാക്കുന്ന ബി.ജെ.പിയുടെ ഈ നീക്കം തികച്ചും "ധാർമ്മികതയില്ലാത്തതും അൺഎത്തിക്കലുമാണ്" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗോവയിലെ പനാജിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കെജ്‌രിവാൾ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായ തൃണമൂൽ കോൺഗ്രസിലെ പിളർപ്പിനെക്കുറിച്ച് നിലപാട് വ്യക്തമാക്കിയത്. "രാഷ്ട്രീയ പാർട്ടികളെ തകർക്കുക, പ്രതിപക്ഷത്തെ ദുർബലപ്പെടുത്തുക, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ദുരുപയോഗം ചെയ്യുക, പണം ദുരുപയോഗം ചെയ്യുക എന്നിങ്ങനെ ബി.ജെ.പി ചെയ്യുന്നതെല്ലാം ജനാധിപത്യത്തിന് വളരെ ദോഷകരമാണ് ഇതിനെതിരെ പൊതുജനങ്ങൾ ഒരുമിച്ച് ശബ്ദമുയർത്തണ''മെന്ന് കെജ്‌രിവാൾ ആവശ്യപ്പെട്ടു.

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് വലിയൊരു ആഭ്യന്തര കലാപത്തിനാണ് സാക്ഷ്യം വഹിച്ചത്. ആകെയുള്ള 80 ടി.എം.സി എം.എൽ.എമാരിൽ 58 പേരും ഔദ്യോഗിക പാർട്ടി നേതൃത്വത്തോട് വിയോജിച്ച് ഒരുമിച്ച് കൂറുമാറി. ഇതിന് തൊട്ടുപിന്നാലെ 20 തൃണമൂൽ ലോക്‌സഭാ എം.പിമാർ ന്യൂഡൽഹിയിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ നേരിട്ട് കണ്ട് തങ്ങൾക്ക് പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി നൽകണമെന്ന് ഔദ്യോഗികമായി കത്ത് നൽകി. പിന്നീട്  ഈ 20 വിമത എം.പിമാരും  നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയ പാർട്ടിയിൽ ലയിക്കുന്നതായി പ്രഖ്യാപിക്കുകയും ഉണ്ടായി.

"ഒരു പാർട്ടിയിൽ വിശ്വസിച്ച് ജനങ്ങൾ വോട്ട് ചെയ്ത് 28-ഓ 29-ഓ എംപിമാരെ ജയിപ്പിച്ചു വിടുന്നു. എന്നാൽ അതിൽ 20 പേരെയും സ്വാധീനിച്ച് ആർക്കും അറിയാത്ത ഏതോ ഒരു പാർട്ടിയിലേക്ക് മാറ്റുന്നു. ഇത് ജനവിധിയോടുള്ള വഞ്ചനയും ജനാധിപത്യ വിരുദ്ധവുമാണെന്ന് കെജ്രിവാൾ വിമർശിച്ചു. പ്രതിപക്ഷ പാർട്ടികളെ ഭയപ്പെടുത്തി പിളർത്താൻ ബി.ജെ.പി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ആയുധമാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 

വാർത്താ സമ്മേളനത്തിൽ ആം ആദ്മി പാർട്ടിയിൽ ഉണ്ടായ സമാനമായ തിരിച്ചടിയെക്കുറിച്ചും കെജ്‌രിവാൾ തുറന്നുപറഞ്ഞു. എ.എ.പിയുടെ ആകെയുള്ള 10 രാജ്യസഭാ എം.പിമാരിൽ പ്രമുഖ നേതാവായ രാഘവ് ചദ്ദ ഉൾപ്പെടെ 7 എം.പിമാരും അടുത്തിടെ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന കാര്യത്തെകുറിച്ച്,  "ഇത് തികച്ചും നിർഭാഗ്യകരമായ സാഹചര്യ"മാണെന്നും വ്യക്തമാക്കി. 

നീറ്റ്-യുജി  പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ സമരം നടത്തുന്ന അഭിജീത് ദിപ്‌കെയുടെ നേതൃത്വത്തിലുള്ള 'കോക്രോച്ച് ജനതാ പാർട്ടി'  ഒരു നല്ല പ്രസ്ഥാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    
News Summary - BJP is a party devoid of ethics; crushing Trinamool is anti-democratic,' says Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.