ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരതയിൽ ഇന്ത്യയുടെ നിലപാട് അവതരിപ്പിക്കാൻ വിദേശത്തേക്ക് അയക്കേണ്ടവരുടെ പട്ടികയിൽ ശശി തരൂരിനെ കോൺഗ്രസ് ഉൾപ്പെടുത്താത്തിലും, തരൂരിനെ അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതുമായ വിവാദം കൊഴുക്കുന്നു. ഇന്ത്യയ്ക്കുവേണ്ടി സംസാരിക്കുന്ന സ്വന്തം പാർട്ടിക്കാരെ രാഹുൽ ഗാന്ധി വെറുക്കുന്നുവെന്ന് ആരോപിച്ച് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി രംഗത്തെത്തി.
പാർലമെന്‍ററി പ്രതിനിധി സംഘം നയിക്കാൻ തിരഞ്ഞെടുത്തതിന് സ്വന്തം പാർട്ടിക്കാരനായ ശശി തരൂരിനെ ജയറാം രമേശ് എതിർക്കുന്നു. ഇന്ത്യയ്ക്കുവേണ്ടി സംസാരിക്കുന്ന സ്വന്തം പാർട്ടിയിൽ നിന്നുള്ളവരെ പോലും രാഹുൽ ഗാന്ധി എന്തിനാണ് വെറുക്കുന്നത്? -പ്രദീപ് ഭണ്ഡാരി ചോദിച്ചു.
വിദേശത്തേക്ക് അയയ്‌ക്കേണ്ട പ്രതിനിധി സംഘത്തിലേക്ക് നാലു എം.പിമാരുടെ പേരുകൾ സമർപ്പിക്കാൻ കോൺഗ്രസിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് സമർപ്പിച്ച പേരുകളിൽ തരൂർ ഉണ്ടായിരുന്നില്ല. മുൻ കേന്ദ്ര കാബിനറ്റ് മന്ത്രി ആനന്ദ് ശർമ്മ, ഗൗരവ് ഗൊഗോയ്, ഡോ. സയ്യിദ് നസീർ ഹുസൈൻ എം.പി, രാജ ബ്രാർ എം.പി എന്നിവരുടെ പേരുകളാണ് കോൺഗ്രസ് നൽകിയത്. എന്നാൽ, പ്രതിനിധി സംഘത്തിൽ ശശി തരൂരിനെ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തുകയും ചെയ്തു.
തങ്ങൾ നൽകിയ പട്ടികയിൽ ശശി തരൂർ ഉണ്ടായിരുന്നില്ലെന്ന് ജയ്റാം രമേശ് തന്നെ ഇന്ന് വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാറിന്‍റെ ക്ഷണം ബഹുമതിയായി കാണുന്നു എന്നാണ് ശശി തരൂർ പ്രതികരിച്ചത്.
നേരത്തെ, ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനങ്ങളിൽ ശശി തരൂരിനു കോൺഗ്രസ് നേതൃത്വം ശക്തമായ താക്കീത് നൽകിയിരുന്നു. പാർട്ടി നിലപാടിനു വിരുദ്ധമായ അഭിപ്രായത്തിന്‍റെ പേരിലായിരുന്നു താക്കീത്. തരൂർ ‘ലക്ഷ്മണരേഖ’ കടന്നു എന്ന് പ്രവർത്തകസമിതി യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.