മധ്യപ്രദേശിൽ ബി.ജെ.പി അധികാരത്തിലിരിക്കെ ദലിതർക്കെതിരായ അതിക്രമം വർധിക്കുന്നു; മോദി മൗനം വെടിയണമെന്ന് ജയറാം രമേശ്

ന്യൂഡൽഹി: ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചോ​ദ്യപ്പേപ്പർ ചോർച്ചക്കും റിക്രൂട്ട്മെന്റ് അഴിമതിക്കും ഉത്തരവാദികളായവരെ സംരക്ഷിക്കുകയാണെന്നും കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. മധ്യപ്രദേശിൽ നരേന്ദ്ര മോദി റാലി നടത്താനിരിക്കെയാണ് കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി അദ്ദേഹം രം​ഗത്തെത്തിയത്.

മധ്യപ്രദേശിലേക്ക് പോകുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കാനുള്ള ചില ചോദ്യങ്ങൾ എന്ന തലക്കെട്ടോടെയാണ് മോദിക്കുള്ള ചോദ്യങ്ങൾ ജയറാം രമേശ് എക്സിൽ കുറിച്ചത്.

ചോ​ദ്യപ്പേപ്പർ ചോർച്ച, റിക്രൂട്ട്മെന്റ് അഴിമതി എന്നിവയിൽ പ്രധാനമന്ത്രി ആരെയാണ് സംരക്ഷിക്കുന്നത്? ഫോറസ്റ്റ് റൈറ്റ് നിയമം നയപ്പാക്കുന്നതിൽ ബി.ജെ.പി ആദിവാസികളെ ഒഴിവാക്കിയത് എന്തുകൊണ്ടാണ്? ദലിതർക്കെതിരെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നത് മധ്യപ്രദേശിലാണ്. എന്തുകൊണ്ടാണ് അത്തരം വർധനയുണ്ടാകുന്നത്? - ജയറാം രമേശ് എക്സിൽ കുറിച്ചു.

മധ്യപ്രദേശിലെ എംപ്ലോയീസ് സെലക്ഷൻ ബോർഡിൻ്റെ പേര് സർക്കാർ മാറ്റിയിരിക്കാമെന്നും എന്നാൽ 10 വർഷമായി സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ കുപ്രസിദ്ധമായ വ്യാപം അഴിമതി ആരും മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നഴ്‌സിംഗ് സ്റ്റാഫ്, സ്‌കൂൾ ടീച്ചർ, കോൺസ്റ്റബിൾ, അഗ്രികൾച്ചറൽ ഡെവലപ്‌മെൻ്റ് ഓഫീസർ എന്നിവരുടെ റിക്രൂട്ട്‌മെൻ്റിൽ കൃത്രിമം നടന്നുവെന്ന ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ ബി.ജെ.പി സർക്കാർ ചെയ്തതെല്ലാം നിഷേധിക്കുകയും അട്ടിമറിക്കുകയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ അഴിമതിയിൽ പ്രധാനമന്ത്രി ആരെയാണ് സംരക്ഷിക്കുന്നത്? നമ്മുടെ യുവാക്കൾ ഇനിയൊരിക്കലും ഇത്തരം അനീതി നേരിടാതിരിക്കാൻ പ്രധാനമന്ത്രി മോദി എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

ദേശീയ ക്രൈം റെകോർഡ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പ്രകാരം മധ്യപ്രദേശിലാണ് ദലിതർക്കെതിരായ അതിക്രമങ്ങൾ കൂടുതലെന്ന കാര്യം വ്യക്തമാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ബി.ജെ.പി മധ്യപ്രദേശിൽ അധികാരത്തിൽ തുടരുകയാണ്. എന്തുകൊണ്ടാണ് ദലിതർ തങ്ങളുടെ സുരക്ഷയെക്കുറിച്ച് കൂടുതൽ ഭയക്കേണ്ടി വരുന്നത്? ദലിത് വിഭാ​ഗം നേരിടേണ്ടി വന്ന അതിക്രമങ്ങളിൽ പ്രധാനമന്ത്രി മോദിക്ക് ലജ്ജ തോന്നുന്നില്ലേയെന്നും വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്നും ജയറാം രമേശ് പറഞ്ഞു. 

Tags:    
News Summary - Why crime rate against Dalits increasing in MP: Congress jabs PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.