‘തലപ്പാവ് ധരിച്ചാൽ ഖലിസ്ഥാനിയാകുമോ?’...സിഖുകാർ ചോദിക്കുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സിഖ് പൊലീസ് ഉദ്യോഗസ്ഥനെ ബി.ജെ.പി നേതാവ് ഖലിസ്ഥാനിയെന്ന് വിളിച്ചതിൽ പ്രതിഷേധിച്ച് സിഖുകാർ. കൊൽക്കത്തയിലെ മുരളീധർ സെൻ ലെയ്നിലുള്ള ബി.ജെ.പി ആസ്ഥാനത്തിന് മുന്നിൽ നിരവധി സിഖുകാർ പ്രതിഷേധ പ്രകടനം നടത്തി.

‘കൊൽക്കത്തയിലെ സിഖുകാർ സമാധാന പ്രിയരാണ്. എന്നാൽ ബി.ജെ.പി നേതാവിന്‍റെ ഖാലിസ്ഥാനി പരാമർശം തങ്ങളെ അസ്വസ്ഥരാക്കി. തലപ്പാവ് ധരിച്ചതുകൊണ്ടു മാത്രം ഖലിസ്ഥാനി എന്ന് വിളിക്കപ്പെടുന്നുവെന്ന് ഗുർപ്രീത് അലുവാലിയ പറയുന്നു.

ഇന്ദിര ഗാന്ധിയുടെ മരണത്തിന് ശേഷം സിഖ് വിരുദ്ധ കലാപങ്ങൾ പലയിടത്തും ഉണ്ടായി. എന്നാൽ, അന്നത്തെ ഭരണാധികാരി ജ്യോതിബസു ഒപ്പം ഉണ്ടായിരുന്നു. ഇന്ന് ഭരണനേതൃത്വത്തിന് മുന്നിൽ ഖലിസ്ഥാനികളാകേണ്ട അവസ്ഥയിലാണെന്നും സോഹൻ സിങ് ഐതിയാനി എന്ന് സിഖ് രാഷ്ട്രീയ പ്രവർത്തകൻ അഭിപ്രായപ്പെട്ടു.

ഇന്ന് ഇന്ത്യയിൽ ഒരു ന്യൂനപക്ഷവും സുരക്ഷിതരല്ല എന്നതാണ് വസ്തുത. ബി.ജെ.പിയുടെ അഭിപ്രായത്തിൽ, അവകാശങ്ങൾക്കായി സമരം ചെയ്യുന്ന പഞ്ചാബിൽ നിന്നുള്ള കർഷകർ മുതൽ സുവേന്ദു അധികാരിയെ തടഞ്ഞ ഐ.പി.എസ് ഓഫിസർ വരെ ഖലിസ്ഥാനികളാണ്. കാരണം, ഇവരെല്ലാം തലപ്പാവ് ധരിച്ചിരുന്നു എന്നത് മാത്രമാണ്- അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥൻ ഡ്യൂട്ടിയാണ് ചെയ്തത്. എന്നാൽ, തലപ്പാവ് ധരിച്ചതിനാൽ അദ്ദേഹത്തെ ഖലിസ്ഥാനി എന്ന് വിളിച്ചു. പൊലീസുകാരൻ ഹിന്ദു സമുദായത്തിൽ നിന്നുള്ള ആളാണെങ്കിൽ അങ്ങനെ വിളിക്കുമായിരുന്നോ എന്ന് ഗുരുദ്വാര ബെഹാലയുടെ ജനറൽ സെക്രട്ടറിയും പശ്ചിമ ബംഗാൾ ന്യൂനപക്ഷ കമീഷൻ അംഗവുമായ സത്‌നം സിങ് അലുവാലിയ ചോദിച്ചു.

രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി സിഖുകാർ ത്യാഗം ചെയ്തിട്ടുണ്ടെന്നത് നേതാക്കൾ മറക്കരുത്. ഇന്ത്യയിൽ താമസിക്കുന്ന സിഖുകാർ ഒരു തരത്തിലുള്ള വിഘടനവാദവും ആഗ്രഹിക്കുന്നില്ല. ബി.ജെ.പിയും സുവേന്ദു അധികാരിയും മാപ്പ് പറയണമെന്നും ഗുർജീത് സിങ് ആവശ്യപ്പെട്ടു.

പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിലെ പ്രശ്‌നബാധിത പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിൽനിന്ന് ബി.ജെ.പി പ്രവർത്തകരെ തടഞ്ഞതിനാണ് ഐ.പി.എസ് ഉദ്യോഗസ്ഥൻ ജസ്പ്രീത് സിങ്ങിനെ പശ്ചിമബംഗാൾ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി ഖലിസ്ഥാനിയെന്ന് വിളിച്ചത്.

Tags:    
News Summary - 'Why Are Our Identities Being Reduced to Turbans?': Sikhs Amid 'Khalistani' Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.