തേജസ്വി യാദവ്

'ആരാണ് അയാൾ'? ബിഹാറിൽ വികസനമില്ലെന്ന പ്രശാന്ത് കിഷോറിന്‍റെ പ്രസ്താവനക്കെതിരെ തേജസ്വി യാദവ്

പട്ന: കഴിഞ്ഞ 30 വർഷമായി ബിഹാറിൽ ഒരു വികസനവും നടന്നിട്ടില്ലെന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്‍റെ പ്രസ്താവന തള്ളി രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെയും മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്‍റെയും ഭരണകാലത്ത് സംസ്ഥാനത്ത് ഒരു വികസനവും നടന്നിട്ടില്ലെന്ന് കിഷോർ കുറ്റപ്പെടുത്തിയിരുന്നു.

ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "പ്രശാന്ത് കിഷോറിന്‍റെ പ്രസ്താവനക്ക് ഉത്തരം നൽകുന്നതിൽ പോലും അർഥമില്ല. അത് അടിസ്ഥാനരഹിതമായ പ്രസ്താവനയാണ്. അദ്ദേഹം ഏത് പാർട്ടിക്കാരനാണെന്നോ ആരാണെന്നോ എനിക്ക് അറിയില്ല"- യാദവ് പറഞ്ഞു. രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പ്രസ്താവനയിലും പാർലമെന്‍റിൽ ബില്ലിനെ പിന്തുണച്ച ജെ.ഡി.യുവിന്‍റെ നടപടിയെയും യാദവ് രൂക്ഷമായി വിമർശിച്ചു.

കോവിഡ് വ്യാപനം അവസാനിച്ചാൽ രാജ്യത്ത് സി.എ.എ നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ സി.എ.എ ഒരു നയപരമായ കാര്യമാണെന്നും സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനാണ് സർക്കാർ ഇപ്പോൾ മുൻഗണന നൽകുന്നതെന്നും നിതീഷ് കുമാർ പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ പാർട്ടി പാർലമെന്‍റിൽ ബില്ലിന് പിന്തുണ നൽകിയതിനാൽ അദ്ദേഹത്തിന്‍റെ പ്രസ്താവനക്ക് പ്രസക്തിയില്ലെന്ന് തേജസ്വി ആരോപിച്ചു.

"സി‌.എ‌.എ-എൻ.‌ആർ.‌സി വിഷയത്തിൽ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. പാർട്ടി എപ്പോഴും പാർലമെന്‍റിൽ ഇതിനെ എതിർത്തിട്ടേയുള്ളൂ. ബിഹാറിൽ ഇത് ഉടൻ നടപ്പാക്കുമെന്ന് ഞാൻ കരുതുന്നില്ല. പാർലമെന്‍റിൽ ജെ.ഡി.യു ബില്ലിനെ പിന്തുണച്ചപ്പോൾ നിരവധി ആളുകളാണ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്"- തേജസ്വി യാദവ് പറഞ്ഞു. 

Tags:    
News Summary - "Who's He?": Tejashwi Yadav On Prashant Kishor's Bihar Progress Remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.