യഥാർഥ ശിവസേന ആരുടേത്? തൽക്കാലം നടപടി വേ​ണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി/മുംബൈ: പാർട്ടിയിലും പാർട്ടിചിഹ്നത്തിലും അവകാശവാദമുന്നയിച്ച് ശിവസേന വിമതർ നൽകിയ ഹരജിയിൽ തൽക്കാലം നടപടി വേണ്ടെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി. തങ്ങളെ യഥാർഥ ശിവസേനയായി കണക്കാക്കി പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കണമെന്ന ഏക്നാഥ് ഷിൻഡെ വിഭാഗത്തിന്റെ ഹരജിയിൽ ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോലി എന്നിവരുടെ ബെഞ്ചാണ് വ്യാഴാഴ്ച ഉത്തരവിട്ടത്.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഭരണഘടന ബെഞ്ചിന് വിടുന്നത് സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. വിമതരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട ഇരുപക്ഷത്തിന്റെയും ഹരജികൾ നേരത്തേ ഭരണഘടന ബെഞ്ചിന് വിട്ടിരുന്നു. ഷിൻഡെ വിഭാഗത്തിന്റെ ഹരജിയിൽ നോട്ടീസുകൾക്ക് മറുപടി നൽകാൻ ഉദ്ധവ് താക്കറെ വിഭാഗം സമയം ആവശ്യപ്പെട്ടാൽ സാവകാശം നൽകണമെന്നും സുപ്രീംകോടതി കമീഷനോട് നിർദേശിച്ചു. ഇതിനിടയിൽ, പത്രചാൾ ചേരി പുനർനിർമാണ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ശിവസേന ഔദ്യോഗിക പക്ഷത്തെ ശക്തനായ നേതാവ് സഞ്ജയ്‌ റാവുത്തിന്റെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡി പ്രത്യേക പി.എൽ.എം.എ കോടതി തിങ്കളാഴ്ച വരെ നീട്ടി. എട്ടു ദിവസത്തെ കസ്റ്റഡിയാണ് ഇ.ഡി നീട്ടിച്ചോദിച്ചതെങ്കിലും കോടതി നാലു ദിവസമാണ് അനുവദിച്ചത്.

ഞായറാഴ്ച അർധരാത്രിയാണ് റാവുത്തിനെ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിനിടെ കണ്ടെത്തിയ 2.25 കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡി നീട്ടിച്ചോദിച്ചത്. അതേസമയം, റാവുത്തിനെ ചോദ്യംചെയ്യുന്നതും പാർപ്പിക്കുന്നതും വായുസഞ്ചാരമുള്ള വിശാലമുറിയിലാകണമെന്ന് കോടതി ഇ.ഡിക്ക് നിർദേശം നൽകി. ഹൃദ്രോഗിയായ തന്നെ വായുസഞ്ചാരമില്ലാത്ത കുടുസ്സുമുറിയിലാണ് പാർപ്പിക്കുന്നതെന്ന് റാവുത്ത് പരാതിപ്പെട്ടിരുന്നു. വിശാലമുറിയിലേക്കു മാറ്റണമെന്ന നിർദേശം ഇ.ഡി പാലിച്ചില്ലെങ്കിൽ റാവുത്തിന് കോടതിയെ അറിയിക്കാമെന്നും വ്യക്തമാക്കി.

Tags:    
News Summary - Who is the real Shiv Sena? Supreme Court said no action for the time being

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.