പ്രഹ്ലാദ് മോദി: നരേന്ദ്ര മോദിയുടെ സഹോദരൻ, വിമർശകൻ

മൈസൂരു: കർണാടകയിൽ കാറപകടത്തിൽ പരിക്കേറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇളയ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബാംഗങ്ങളും സുഖംപ്രാപിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന ജെ.എസ്‌.എസ് ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജ് ചെയ്‌ത ശേഷം ഇന്നലെ രാത്രി മൈസൂരു വിമാനത്താവളത്തിൽ നിന്ന് സ്പൈസ് ജെറ്റിന്റെ പ്രത്യേക വിമാനത്തിൽ ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് മടങ്ങി.

പ്രഹ്ലാദ് മോദി (74), മകൻ മേഹുൽ പ്രഹ്ലാദ് മോദി (40), മരുമകൾ സിന്ദാൽ മോദി (35), പേരമകൻ മെനത്ത് മേഹുൽ മോദി (ആറ്), കാർ ഡ്രൈവർ സത്യനാരായണ എന്നിവരടങ്ങിയ പ്രത്യേക വിമാനം രാത്രി 7.35 ന് പുറപ്പെട്ടത്. ബന്ദിപ്പൂർ കടുവസങ്കേതത്തിലേക്കുള്ള യാത്രക്കിടെ ദേശീയപാത 766ൽ മൈസൂരുവിൽനിന്ന് 14 കിലോമീറ്റർ മാറി കടക്കോളെയിൽ ചൊവ്വാഴ്ച ഉച്ച 1.30ഓടെയാണ് കുടുംബം അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ച മെഴ്സിഡസ് ബെൻസ് എസ്.യു.വി കാർ വളവിൽ നിയന്ത്രണംവിട്ട് റോഡ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ആരാണ് പ്രഹ്ലാദ് മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇളയ സഹോദരനാണ് പ്രഹ്ലാദ് മോദി. ദാമോദർദാസ് മോദി- ഹീരാ ബെൻ മോദി ദമ്പതികളുടെ നാലാമത്തെ സന്തതി. നരേന്ദ്ര മോദിയടക്കം അഞ്ച് മക്കളാണ് ഇവർക്കുള്ളത്. അമൃത് മോദിയാണ് മൂത്തയാൾ. സോമാഭായ് മോദി, നരേന്ദ്ര മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി എന്നിവരാണ് ബാക്കിയുള്ളവർ.

അഹമ്മദാബാദിൽ റേഷൻ കട ഉടമയായിരുന്ന പ്രഹ്ലാദ് 2001-ൽ സ്ഥാപിതമായ ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ്പ് ഡീലേഴ്‌സ് ഫെഡറേഷൻ വൈസ് പ്രസിഡന്റാണ്. നരേന്ദ്രമോദി സർക്കാറിന്റെ റേഷൻ നയങ്ങൾക്കെതിരെ അടുത്തിടെ ജന്തർമന്തറിൽ ഹർത്താൽ നടത്തി വാർത്തകളിൽ ഇടംനേടിയിരുന്നു ഇദ്ദേഹം. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വിവിധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി പലഘട്ടങ്ങളിലും പ്രഹ്ലാദ് രംഗത്ത് വന്നിട്ടുണ്ട്. പ്രായാധിക്യം മൂലം ജോലിയിൽ നിന്ന് വിരമിച്ചെങ്കിലും സംഘടനയിൽ സജീവമാണ്. ന്യായവില സ്റ്റോറുകൾ വിതരണം ചെയ്യുന്ന അരി, ഗോതമ്പ്, പഞ്ചസാര എന്നിവക്ക് വിതരണക്കാർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ പ്രതിഷേധിച്ചിരുന്നു.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ പ്രഹ്ലാദ് മോദി ഇത്തരം പ്രതിഷേധവുമായി രംഗത്തുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷവും അദ്ദേഹം പിന്മാറിയിട്ടില്ല.

2006 മുതൽ 2014 വരെയുള്ള കാലയളവിൽ മൂന്ന് തവണ മാത്രമാണ് നരേന്ദ്രമോദിയും പ്രഹ്ലാദും തമ്മിൽ നേരിൽ കണ്ടത്. മോദി പ്രധാനമന്ത്രിയായ ശേഷം ഇതുവ​രെ ഇരുവരും കണ്ടിട്ടില്ലെന്നും പ്രഹ്ലാദ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അധികം സംസാരിക്കുകയോ കണ്ടുമുട്ടുകയോ ചെയ്യുന്നില്ലെങ്കിലും തങ്ങൾ നല്ല ബന്ധത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Who is Prahlad Modi? PM Modi's brother meets with car accident in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.