ഒടുവിൽ ഛത്തീസ്ഗഢിൽ മുഖ്യമന്ത്രിയെ കണ്ടെത്തി ബി.ജെ.പി; അറിയാം വിഷ്ണു ദേവ് സായിയെ

റായ്പൂർ: ഒരാഴ്ച നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ ഛത്തീസ്ഗഢിൽ മുഖ്യമന്ത്രിയെ നിർദേശിച്ച് ബി.ജെ.പി. ആദിവാസി നേതാവ് വിഷ്ണു ദേവ് സായിയെയാണ് മുഖ്യമന്ത്രിയായി ബി.ജെ.പി മുന്നോട്ടുവെക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഡിസംബർ മൂന്നിന് പ്രഖ്യാപിച്ചിട്ടും ഇതുവരെ ബി.ജെ.പിക്ക് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടൊപ്പം ഫലം പ്രഖ്യാപിച്ച തെലങ്കാനയിൽ ഡിസംബർ ഏഴിന് കോൺഗ്രസിലെ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു. എന്നാൽ, ബി.ജെ.പി ജയിച്ച സംസ്ഥാനങ്ങളിൽ ഇതുവരെ സമവായത്തിലെത്തിയിട്ടില്ല.

90 അംഗ ഛത്തീസ്ഗഢ് നിയമസഭയിൽ 54 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരം പിടിച്ചെടുത്തത്. ഭരണകക്ഷിയായ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിന് 35 സീറ്റുകളിൽ ഒതുങ്ങേണ്ടി വന്നു. 15 വർഷം തുടർച്ചയായി ബി.ജെ.പി ഭരിച്ച സംസ്ഥാനം 2018ലാണ് കോൺഗ്രസ് പിടിച്ചെടുത്തത്.

വടക്കൻ ഛത്തീസ്ഗഡിലെ സർഗുജ സ്വദേശിയാണ് നിയുക്ത മുഖ്യമന്ത്രി വിഷ്ണു ദിയോ സായി. അജിത് ജോഗിക്ക് ശേഷം ഛത്തീസ്ഗഢിനെ നയിക്കുന്ന രണ്ടാമത്തെ ആദിവാസി മുഖ്യമന്ത്രിയാകും അദ്ദേഹം. ദുർഗ്, റായ്പൂർ, ബിലാസ്പൂർ എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള 'തെലി' സമുദായാംഗമാണ് വിഷ്ണു ദിയോ സായി. 59 വയസ്സുകാരനാണ്.

2014ലെ നരേന്ദ്ര മോദി സർക്കാരിൽ കേന്ദ്ര ഖനി, ഉരുക്ക് വകുപ്പ് സഹമന്ത്രിയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ വടക്കൻ ഛത്തീസ്ഗഡിലെ കുങ്കുരിയിൽ സിറ്റിങ് എം.എൽ.എ യു.ഡി. മിഞ്ചിനെ പരാജയപ്പെടുത്തിയാണ് വിഷ്ണു ദിയോ സായി വിജയിച്ചത്. 

Tags:    
News Summary - Who is new Chhattisgarh CM Vishnu Deo Sai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.