ന്യൂഡൽഹി: രോഗിയായ അമ്മയെ കാണാൻ ബംഗ്ലൂരുവിൽ വരാനിരുന്ന ഇന്ത്യൻ-അമേരിക്കൻ രാഷ്ട്രീയക്കാരി ക്ഷമ സാവന്തിന് മോദി സർക്കാർ വിസ നിഷേധിച്ചു. മോദി സർക്കാരിനെയും അവരുടെ ജനവിരുദ്ധ നയങ്ങളെയും വിമർശിക്കുക വഴി ബി.ജെ.പിയുടെയും സംഘപരിവാർ സംഘടനകളുടെയും കണ്ണിലെ കരടാണ് ക്ഷമ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സർക്കാരിന്റെയും വിമർശകയായിരുന്ന അവർ പൗരത്വ ഭേദഗതി നിയമത്തെയും (സി.എ.എ) ദേശീയ പൗരത്വ രജിസ്റ്ററിനെയും (എൻ.ആർ.സി) ശക്തമായി എതിർത്തിരുന്നു.
ഒരു ദശാബ്ദത്തിലേറെയായി അവർ അമേരിക്കൻ രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് സിയാറ്റിൽ നഗരത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാണ്. അമ്മയെ സന്ദർശിക്കാൻ ഇന്ത്യൻ വിസ നിഷേധിക്കുകയാണെന്ന് വെള്ളിയാഴ്ച സാവന്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽപറഞ്ഞു. മോദി സർക്കാരിന്റെ ‘തടയൽ പട്ടികയിൽ’ താൻ ഉണ്ടെന്ന് അവർ പറഞ്ഞു. 1973 ഒക്ടോബർ 17ന് പുണെയിലാണ് ക്ഷാമ സാവന്ത് ജനിച്ചത്. മുംബൈ സർവകലാശാലയിൽ നിന്ന് 1994ൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി.
ബിരുദാനന്തരം യു.എസിലേക്ക് താമസം മാറി. 2003ൽ നോർത്ത് കരോലൈന സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പ് അവർ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായി ജോലി ചെയ്തു. സോഷ്യലിസ്റ്റ് ആൾട്ടർനേറ്റീവ് എന്ന പേരിൽ അമേരിക്കയിലെ ഇടതുപക്ഷ ചായ്‌വുള്ള ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേർന്നു. വാഷിങ്ടൺ സ്റ്റേറ്റ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014 മുതൽ 2024 വരെ അവർ സിയാറ്റിൽ സിറ്റി കൗൺസിലിൽ സേവനമനുഷ്ഠിച്ചു.
സിയാറ്റിലിൽ മിനിമം വേതനം 15 ഡോളറായി ഉയർത്തിയതുൾപ്പെടെ നിരവധി നിയമങ്ങൾ കൊണ്ടുവന്നതിന്റെ പിന്നിൽ ക്ഷമ സാവന്ത് ആയിരുന്നു. സിയാറ്റിലിൽ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിനെതിരായ ബിൽ വിജയകരമായി പാസാക്കാൻ കഴിഞ്ഞതിന് ശേഷം അവർ വാർത്തകളിൽ ഇടം നേടി. 2023-ൽ, സിയാറ്റിൽ സിറ്റി കൗൺസിലിൽ സി.എ.എ, എൻ.ആർ.സി എന്നിവക്കെതിരെ പ്രമേയം പാസാക്കാനും അവർക്ക് കഴിഞ്ഞു. ഇന്ത്യൻ നിയമങ്ങൾ സ്ത്രീകൾ, മുസ്‍ലിംകൾ, അടിച്ചമർത്തപ്പെട്ട ജാതിക്കാർ, തദ്ദേശീയർ, എൽ.ജി.ബി.ടി വിഭാഗം എന്നിവർക്കെതിരെ വിവേചനം കാണിക്കുന്നുവെന്ന് അവർ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.