മോഹൻ ഭാഗവത്

സർക്കാർ അറിഞ്ഞാലും ഇല്ലെങ്കിലും, മണിപ്പൂർ വിഷയത്തിൽ ഞങ്ങൾക്ക് ആശങ്കയു​ണ്ട് -ആർ.എസ്.എസ്

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ തങ്ങൾക്ക് കടുത്ത ആശങ്കയുണ്ടെന്ന പ്രഖ്യാപനവുമായി ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. മണിപ്പൂരിലെ ജനങ്ങൾക്കൊപ്പം എന്നും ആർ.എസ്.എസുണ്ടാകും. സർക്കാർ മണിപ്പൂർ വിഷയത്തെ കുറിച്ച് അറിയുന്നുണ്ടോയെന്നതൊന്നും തങ്ങൾക്ക് പ്രശ്നമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇംഫാലിലെ പുതിയ ആർ.എസ്.എസ് ഓഫീസിൽ മണിപ്പൂരിലെ 160 പൗരപ്രമുഖരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മോഹൻ ഭാഗവതിന്റെ പരാമർശം. മണിപ്പൂരിന് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം സംഘം ചെയ്യും. കഴിഞ്ഞ മൂന്ന് വർഷമായി ഇതു തന്നെയാണ് സംഘപരിവാർ ചെയ്യുന്നതെന്നും മോഹൻ ഭാഗവത് അവകാശപ്പെട്ടു.

ഞങ്ങൾ ഒരു സർക്കാറിന്റേയും പിന്തുണയോടെയല്ല നിലനിൽക്കുന്നത്. സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യും. മണിപ്പൂരിലെ എല്ലാവർക്കും സഹായമെത്തിക്കാൻ ശ്രമിക്കുമെന്നും മോഹൻ ഭാഗവത് പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് മോഹൻ ഭാഗവത് മണിപ്പൂരിലെത്തിയത്. സംസ്ഥാനത്ത് കലാപങ്ങൾ നടന്നതിന് ശേഷം ഇതാദ്യാമായാണ് ആർ.എസ്.എസ് തലവൻ മണിപ്പൂരിലെത്തുന്നത്.

മണിപ്പൂരിലെ നിരവധി പ്രമുഖരുമായി ആർ.എസ്.എസ് മേധാവി അടച്ചിട്ട മുറികളിൽ ചർച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തി രണ്ട് മാസം പിന്നിടുമ്പോഴാണ് ആർ.എസ്.എസ് മേധാവിയുടെ സന്ദർശനം. നേരത്തെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കണമെന്ന് ആർ.എസ്.എസ് ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Whether Government Knows Or Not, We Are Concerned: Mohan Bhagwat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.