പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി പുതിയ മേൽവിലാസത്തിൽ, സേവാ തീര്‍ഥ് കെട്ടിട സമുച്ചയത്തിൽ പ്രവർത്തനം ആരംഭിച്ചു

ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ സേവാ തീര്‍ഥ് (സേവനത്തിന്‍റെ പുണ്യസ്ഥലം) എന്ന് പേരിട്ട കെട്ടിട സമുച്ചയത്തിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് മാറ്റി പ്രവർത്തനം ആരംഭിച്ചു. സ്വാതന്ത്രാനന്തര കാലം മുതൽ പ്രവർത്തിച്ചിരുന്ന സൗത്ത് ബ്ലോക്കിൽ വെള്ളിയാഴ്ച മന്ത്രിസഭ യോഗം കൂടിയതിന് ശേഷമാണ് പുതിയ ഓഫിസിലേക്ക് പ്രവർത്തനം മാറ്റിയത്.

സേവാ തീർഥ് ഒന്നിൽ പ്രധാനമന്ത്രിയുടെ ഓഫീസും, സേവാ തീർഥ് രണ്ടിൽ ക്യാബിനറ്റ് സെക്രട്ടേറിയറ്റും പ്രവർത്തിക്കും. സേവാ തീർഥ് മൂന്നിൽ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫീസുമാണ് ഉള്ളത്.

2,26,203 ചതുരശ്ര അടി വിസ്തൃതിയിൽ നിർമിച്ച സേവ് തീർഥ് 2022ൽ 1,189 കോടി രൂപക്ക് ലാർസൻ ആൻഡ് ട്യൂബ്രോ കമ്പനിയാണ് കരാർ ഏറ്റെടുത്തത്. പ്രധാനമന്ത്രിയുടെ വസതിയുടെ നിർമാണവും ഓഫീസിന് സമീപം പുരോഗമിക്കുന്നുണ്ട്.


1947 മുതൽ സൗത്ത് ബ്ലോക്കിൽ നിന്നാണ് പി.എം.ഒ പ്രവർത്തിക്കുന്നത്. സമീപത്തുള്ള നോർത്ത് ബ്ലോക്കിൽ നേരത്തെ ആഭ്യന്തര മന്ത്രാലയവും ധനമന്ത്രാലയവുമായിരുന്നു ഉണ്ടായിരുന്നത്. ഈ മന്ത്രാലയങ്ങൾ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ ഇന്ത്യഗേറ്റിന് സമീപത്തെ കർത്തവ്യഭവനിലേക്ക് മാറ്റിയിരുന്നു.

നോർത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക് കെട്ടിടങ്ങളിൽനിന്നും സ്വാതന്ത്ര്യാനന്തരം നിരവധി സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ടെങ്കിലും ഈ കെട്ടിടങ്ങൾ ഇന്ത്യയെ നൂറ്റാണ്ടുകളോളം അടിമത്തത്തിന്റെ ചങ്ങലയിൽ ബന്ധിപ്പിക്കാനുള്ള ലക്ഷ്യത്തോടെ നിർമ്മിച്ചതാണെന്ന് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അവർ റൈസീന കുന്നുകൾ തിരഞ്ഞെടുത്തത് മറ്റുള്ളവയെക്കാൾ ഉയർന്ന് നിൽക്കാനാണ്. സേവാ തീർഥ് സമുച്ചയം കുന്നിലല്ല, ഭൂമിയോട് കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. ബ്രിട്ടീഷ് മാനസികാവസ്ഥയിൽ നിന്ന് നാം മുക്തി നേടി. ആത്മവിശ്വാസമുള്ളതും സ്വാശ്രയമായതുമായ ഇന്ത്യയുടെ പ്രതീകങ്ങളാണ് പുതിയ കെട്ടിടങ്ങളെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags:    
News Summary - PM Modi inaugurates new PMO Seva Teerth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.