എവിടെ തെരഞ്ഞെടുപ്പുണ്ടോ, അവിടെ മോദിക്ക് മുമ്പ് ഇ.ഡി എത്തും -കെ. കവിത

ന്യൂഡൽഹി: എവിടെ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിലും അവിടെ മോദിക്ക് മുമ്പേ ഇ.ഡി എത്തുമെന്നും ഇത് ഉറപ്പാക്കുകയാണ് അന്വേഷണ ഏജൻസികളുടെ സ്വഭാവമെന്നും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ മകളും ബി.ആർ.എസ് നേതാവുമായ കെ. കവിത. ഡൽഹി മദ്യ നയ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി അയച്ച നോട്ടീസിനെയും അവർ വിമർശിച്ചു.

വനിത സംവരണ ബിൽ വിഷയത്തിൽ ഡൽഹിയിൽ നിരാഹാര സമരം നടത്തുമെന്ന് മാർച്ച് രണ്ടിന് ഞങ്ങൾ പോസ്റ്റർ പുറത്തിറക്കി. 18 പാർട്ടികൾ അതിൽ പങ്കെടുക്കുമെന്ന് ഉറപ്പിച്ചു. ഇതിനിടെയാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് അയച്ചത്. അവർക്ക് എന്താണിത്ര തിടുക്കം എന്ന് മനസ്സിലാകുന്നില്ല. മാർച്ച് 11ന് ഹാജരാകാമെന്ന് ഞാൻ സമ്മതിച്ചിട്ടുണ്ട് -കവിത പറഞ്ഞു.

കഴിഞ്ഞ ജൂൺ മുതൽ കേന്ദ്ര സർക്കാർ അതിന്റെ ഏജൻസികളെ തെലങ്കാനയിലേക്ക് അയക്കുന്നുണ്ട്. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് ഇതെന്നും അവർ പരിഹസിച്ചു.

കോൺഗ്രസിനെതിരെയും കവിത വിമർശനമുന്നയിച്ചു. കോൺഗ്രസ് ഇപ്പോൾ ഒരു ദേശീയ പാർട്ടിയല്ല. കോൺഗ്രസ് എപ്പോൾ അഹങ്കാരം വെടിഞ്ഞ് യാഥാർത്ഥ്യത്തെ നേരിടുമെന്നതിനെക്കുറിച്ച് ആശ്ചര്യപ്പെടുകയാണ്. ബി.ജെ.പിയെ പരാജയപ്പെടുത്തണമെങ്കിൽ കോൺഗ്രസ് ഒരു ടീം പ്ലെയർ ആയിരിക്കണം. അതിന് പ്രാദേശിക പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കണമെന്നും അവർ പറഞ്ഞു.

വനിത സംവരണ ബിൽ വിഷയത്തിൽ സംഘടിപ്പിച്ച നിരാഹാര സമരത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയിരിക്കുകയാണ് കവിത. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. മാർച്ച് 10ന് ഡൽഹിയിൽ ധർണ നിശ്ചയിച്ചതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നും, മാർച്ച് 11ന് ഇ.ഡിക്ക് മുമ്പാകെ ഹാജരാകാമെന്നുമാണ് അവർ അറിയിച്ചിരിക്കുന്നത്. ഇതോടെ ശനിയാഴ്ച കവിതയെ ചോദ്യം ചെയ്യും.

അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കെ. ചന്ദ്രശേഖർ റാവുവിന്റെയും ബി.ആർ.എസിന്റെയും പോരാട്ടത്തിനെതിരെയുള്ള ഭീഷണിപ്പെടുത്തൽ തന്ത്രങ്ങൾക്ക് തങ്ങളെ തടയാനാവില്ലെന്നും അവർ നേരത്തെ പറഞ്ഞിരുന്നു. ബി.ജെ.പിയുടെ ഭരണ പരാജയങ്ങൾ തുറന്നുകാട്ടാനുള്ള പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Where there is election ED reaches before Modi says K Kavitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.