ഹൈദരാബാദ് ഇഫ്ളു കാമ്പസിൽ വിദ്യാർഥികൾ നിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചപ്പോൾ
ഇഫ്ലു ഹൈദരാബാദിലെ എം.എ രണ്ടാം വർഷ വിദ്യാർഥിയും ഫ്രറ്റേണിറ്റി മൂവ്മെന്‍റ് യൂണിറ്റ് ജനറൽ സെക്രട്ടറിയുമായ ഹർഷദ് ഷിബിൻ എഴുതുന്നു...
ഹൈദരാബാദ് ഇഫ്ളു കാമ്പസിൽ ഒക്ടോബർ 18ന് രാത്രി വിദ്യാർഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ അതിജീവിതക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാർഥി സമരം 20 ദിവസം പിന്നിടുമ്പോൾ വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ, നവംബർ ആറാം തീയതി ഉച്ചക്ക് ഒരു മണിക്ക് വിദ്യാർഥികൾ നിരാഹാര സമരം ആരംഭിച്ച ഉടനെ തന്നെ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ നേരിട്ടുള്ള നിർദേശ പ്രകാരം പൊലീസ് കാമ്പസിൽ പ്രവേശിക്കുകയും വിദ്യാർഥികളെ ബലം പ്രയോഗിച്ച് സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. തുടർന്ന് അരമണിക്കൂറിലേറെ തെലങ്കാന പൊലീസിന്റെ അതിക്രമങ്ങൾക്ക് കാമ്പസ് സാക്ഷ്യം വഹിച്ചു.
രണ്ട് വാഹനങ്ങളിലായി ഒരു പെൺകുട്ടി ഉൾപ്പെടെ ഏഴു വിദ്യാർഥികളെ പൊലീസ് തടവിലാക്കി. വിദ്യാർഥികൾ മനുഷ്യച്ചങ്ങല നിർമ്മിച്ചും ഗേറ്റ് ഉപരോധിച്ചും പൊലീസ് തേർവാഴ്ചയെ പ്രതിരോധിക്കുകയുണ്ടായി. അമ്പതിലധികം വരുന്ന പൊലീസ് സേനയുടെ കൂടെ കാമ്പസിലെ സെക്യൂരിറ്റി ഗാർഡുമാരും ചേർന്ന് നിരാഹാര സമരത്തെ അടിച്ചമർത്താനുള്ള കടുത്ത ശ്രമങ്ങൾ തുടർന്നു. ഇതേസമയം ഗേറ്റിന് പുറത്ത് പത്രപ്രവർത്തകരും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് മറ്റ് യൂണിവേഴ്സിറ്റി വിദ്യാർഥികളും ഇഫ്ലു പൂർവ വിദ്യാർഥികളും ഒത്തു ചേർന്നതോടെ സമരം കൂടുതൽ ശക്തി പ്രാപിച്ചു. തുടർന്ന് പൊലീസ് സേന ഗേറ്റിനു പുറത്തേക്കും വിന്യസിച്ചു കൊണ്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയവരെയും അറസ്റ്റ് ചെയ്ത് നീക്കി. സമരപോരാളികളെ തടവിലാക്കാൻ യൂണിവേഴ്സിറ്റി സെക്യൂരിറ്റി തലവൻ തന്നെ പൊലീസിന് വിദ്യാർഥികളെ ചൂണ്ടിക്കാണിച്ച് കൊടുത്തതും ഈ വിഷയത്തിൽ സമരക്കാരെ അഭിസംബോധന ചെയ്യുന്നതിന് പകരം പൊലീസിനെ ഉൾപെടുത്തി വിദ്യാർഥികൾക്ക് നേരെ അതിക്രമം അഴിച്ചുവിട്ടതും യൂണിവേഴ്സിറ്റിയുടെ വിദ്യാർഥി വിരുദ്ധ താൽപര്യങ്ങൾ എടുത്തുകാട്ടുന്നു.
എന്നാൽ, പൊലീസ് അക്രമത്തിന് ശേഷവും വിദ്യാർഥികൾ നിരാഹാര സമരം തുടരുകയുണ്ടായി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂണിവേഴ്സിറ്റി അധ്യാപകർ വിദ്യാർഥികളുടെ നിരാഹാര സമരം സന്ദർശിച്ചത് വിദ്യാർഥികളിൽ ആവേശമുണ്ടാക്കി. തുടർന്ന് പൊലീസ് സാന്നിധ്യത്തിൽ പ്രോക്ടറും രജിസ്ട്രാറും വിദ്യാർഥികളെ അഭിമുഖീകരിക്കുകയുണ്ടായി. അവിടെയും വിദ്യാർഥികൾക്ക് കൃത്യമായ മറുപടി നൽകാതെ കയ്യൊഴിയുകയാണ് ഉന്നത അധികാരികൾ ചെയ്തത്.
ന്യായമായ അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ചു വിദ്യാർഥികൾ നടത്തിയ സമരങ്ങളെ ഇതാദ്യമായല്ല ഇഫ്ളു അധികൃതർ സംസ്ഥാന പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത്. കഴിഞ്ഞ മാസം 19-20 ദിവസങ്ങളിൽ ഈ സമരം തുടങ്ങിയ സമയത്തും ഇതേ പോലെ പൊലീസ് സേനയെ ഉപയോഗിച്ച് സമരത്തെ ഒതുക്കാൻ കടുത്ത ശ്രമങ്ങൾ നടന്നിരുന്നു. സംസ്ഥാനത്ത് നിലനിൽക്കുന്ന ഇലക്ഷൻ പെരുമാറ്റചട്ടത്തെ മുൻ നിർത്തിയാണ് വിദ്യാർഥികളെ സമരത്തിൽ നിന്നും പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും.
കാമ്പസിനുള്ളിൽ നിന്നും ഡിറ്റൈൻ ചെയ്യപ്പെട്ട വിദ്യാർഥികളെ, അതും പെൺകുട്ടി ഉൾപ്പെടെയുള്ളവരെ, ആറുമണിക്ക് ശേഷവും പൊലീസ് സ്റ്റേഷനിൽ പിടിച്ചു വെച്ചത് സമരക്കാരെ ഭയപ്പെടുത്താനും പിന്തിരിപ്പിക്കുവാനും വേണ്ടിയാണെന്നത് വ്യക്തമാണ്. കാമ്പസിന് പുറത്ത് ഐക്യദാർഢ്യവുമായി എത്തിയ സമരക്കാരിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് നേരെ സി.ആർ.പി.സി 188 വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതും ഇതിനോട് ചേർത്തു വായിക്കണം. രാത്രിഎട്ടു മണിയോടെയാണ് മൂന്നു പൊലീസ് സ്റ്റേഷനുകളിലായി തടവിലാക്കപ്പെട്ടവരെ വിട്ടയച്ചത്.
തുടർന്നും വൻ പൊലീസ് സാന്നിധ്യം കാമ്പസിലുടനീളം ഉണ്ടായിരുന്നു. പൊലീസിന്റെയും അധികൃതരുടെയും ഭീഷണികൾക്കും സമ്മർദങ്ങൾക്കും വഴങ്ങാതെ നൂറിലേറെ വരുന്ന വിദ്യാഥികൾ സമരം തുടരുകയും ആവശ്യങ്ങളിൽ ഉറച്ചു നിൽക്കുകയും ചെയ്തതോടെ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
നിരാഹാര സമരം ഗേറ്റ് നമ്പർ രണ്ടിൽ 26 മണിക്കൂറിലേറെയായി തുടരുമ്പോഴും പൊലീസ് വാനും ഇന്നോവകളും അടക്കം വൻ സേന കാമ്പസിൽ തമ്പടിച്ചിരിക്കുകയാണ്. യൂണിഫോമിൽ അല്ലാത്തവർ വേറെയും. ഒരു കേന്ദ്ര സർവകലാശാല ആയിട്ടും സമാധാനപരമായ ഏത് പ്രതിഷേധങ്ങൾ നടക്കുമ്പോഴും ഉടൻ തന്നെ പൊലീസ് കാമ്പസിൽ എത്തുന്നു. അവകാശ സമരങ്ങളെ പലപ്പോഴും അധികൃതർ പൊലീസിനെ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. സമീപകാലത്ത് ഇഫ്ളു കാണാത്ത വിധത്തിലുള്ള പൊലീസ് വേട്ടയാണ് ലൈംഗികാതിക്രമത്തിന് ശേഷം നടന്ന സമരം മുതൽക്ക് കണ്ടത്.
ഒക്ടോബർ 19ന് രാത്രി അഡ്മിനിസ്ട്രേഷൻ കെട്ടിടത്തിന് മുന്നിൽ കുത്തിയിരുന്നിരുന്ന പ്രതിഷേധക്കാരെ പിരിച്ച് വിടാൻ നൂറോളം പൊലീസിനെ കാമ്പസിനകത്ത് വിന്യസിച്ച് വിദ്യാർഥികൾക്ക് മേൽ അക്രമം അഴിച്ചുവിട്ട് കാമ്പസിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് യൂണിവേഴ്സിറ്റി അധികാരികൾ ചെയ്തത്. തുടർന്നിങ്ങോട്ട് അപ്രഖ്യാപിത കർഫ്യൂ ആണ് കാമ്പസിൽ നിലനിൽക്കുന്നത്. പുറത്തുനിന്നുള്ള രക്ഷിതാക്കൾ ഉൾപ്പെടെയുള്ള സന്ദർശകരെ പൂർണമായും വിലക്കിക്കൊണ്ടും കാമ്പസിനകത്തേക്കുള്ള ഡെലിവറി സർവീസുകൾ തടഞ്ഞു കൊണ്ടുമുള്ള കടുത്ത വിലക്കുകളാണ് നിലനിൽക്കുന്നത്. ഇതിനോടകം തന്നെ 12 വിദ്യാർഥികൾക്ക് നേരെ വിവിധ എഫ്.ഐ.ആറുകൾ ചുമത്തപ്പെടുകയും ആറിലേറെ പേർക്ക് കാരണം കാണിക്കൽ നോട്ടീസുകൾ അയച്ചും തുടർച്ചയായി വിദ്യാർഥികളെ വേട്ടയാടി കൊണ്ടിരിക്കുകയാണ്.
ലൈംഗിക അതിക്രമത്തിന് ഇരയായ സഹപാഠിക്ക് നീതി ലഭ്യമാക്കുവാനും യൂണിവേഴ്സിറ്റിയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾക്ക് മറുപടി പറയണമെന്നും ആവശ്യപ്പെട്ടു കൊണ്ട് നയിക്കപ്പെട്ട വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്തി തങ്ങളുടെ പിഴവുകൾ മറച്ചുവെക്കുവാനും അതുവഴി ശ്രദ്ധ തിരിച്ചുവിടാനുമാണ് തുടർച്ചയായി അധികൃതർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വിദ്യാർഥികളോടുള്ള അങ്ങേയറ്റത്തെ അവകാശലംഘനവും നീതി നിഷേധവുമാണ് സർവകലാശാലയുടെ ഭാഗത്ത് നിന്ന് അരങ്ങേറി കൊണ്ടിരിക്കുന്നത്.
വിദ്യാർഥികൾക്ക് അയച്ച കാരണം കാണിക്കൽ നോട്ടീസുകളിൽ പോലും വീണ്ടും ഫലസ്തീൻ വിഷയത്തെ വലിച്ചിടുന്നത് ഇതിന് കൃത്യമായ ഉദാഹരണമാണ്. വിദ്യാർഥികളുടെ സമരം എന്തിനാണെന്നും എങ്ങനെയാണ് ഈ സമരത്തിലേക്ക് എത്തിപ്പെട്ടതെന്നും കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വിദ്യാർഥികൾ തുടർച്ചയായി മാധ്യമങ്ങളോടും പൊലീസിനോടും മറ്റു അധികാരികളോടും വ്യക്തമാക്കിയിട്ടുണ്ട്. യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്ന് ഈ വിഷയത്തിൽ സംഭവിച്ച ഗുരുതരമായ പിഴവുകളെ മറച്ചുവെക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സമരത്തെ അടിച്ചമർത്തുന്നതും എന്നത് വളരെ വ്യക്തമാണ്.
ഇഫ്ലുവിൽ സമരം തുടരുകയാണ്. 20 ദിവസത്തോളം വിവിധ സമര രീതികളുമായി മുന്നോട്ടു പോയ വിദ്യാർഥികൾ ഇപ്പോൾ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് എത്തിയിരിക്കുകയാണ്. സമരങ്ങളെ ഏത് വിധേനയും അടിച്ചമർത്തുന്ന അധികൃതരുടെ നയം പ്രതിഷേധാർഹമാണ്. ഭീഷണികൾക്കും സമ്മർദങ്ങൾക്കും വഴങ്ങി പിന്മാറാൻ ഒരുക്കമല്ലാതെ വിദ്യാർഥികൾ സമരമുഖത്ത് നിലകൊള്ളുന്നത് തീർച്ചയായും അധികൃതർക്ക് പേടിസ്വപ്നമായി മാറിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.