‘ഞാൻ ആദ്യമായി എം.എൽ.എയായപ്പോൾ അമിത് ഷാ കുട്ടിയായിരുന്നു’; അമിത് ഷാക്ക് മറുപടിയുമായി മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജ്യസ്‌നേഹ പരാമർശങ്ങൾക്ക് രൂക്ഷ മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. താൻ ആദ്യമായി എം.എൽ.എയായപ്പോൾ അമിത് ഷാ കുട്ടിയായിരുന്നുവെന്നും ഇന്ന് അദ്ദേഹം തങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കുകയാണെന്നും മല്ലികാർജുൻ ഖാർഗെ പരിഹസിച്ചു. ഗോവയിൽ നടന്ന പൊതുറാലിയിലാണ് മല്ലികാർജുൻ ഖാർഗെയുടെ പരാമർശം.

‘അമിത് ഷാ നമ്മുടെ സോണിയ ഗാന്ധിക്കെതിരെ സംസാരിക്കുന്നു. അദ്ദേഹം ഗാന്ധി കുടുംബത്തിനെതിരെ സംസാരിക്കുന്നു. ഞാൻ ആദ്യമായി എം.എൽ.എ ആയപ്പോൾ, അമിത് ഷാ ഒരു കുട്ടിയായിരുന്നു. ഇന്ന് അദ്ദേഹം നമ്മെ രാജ്യസ്നേഹം പഠിപ്പിക്കുന്നു’ -84 കാരനായ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെയും ഗാന്ധി കുടുംബത്തിന്റെയും രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യാൻ ബി.ജെ.പിക്ക് ധാർമിക അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യസമരത്തിൽ ബി.ജെ.പിയിലോ ആർ.എസ്.എസിലോയുള്ള ആരാണ് പങ്കെടുത്തതെന്ന് ചോദിച്ച മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാക്കളെ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടെന്നും വിമർശിച്ചു. ബി.ജെ.പിയുടെ വന്ദേമാതരം ആലപിച്ചുള്ള രാജ്യസ്‌നേഹ അവകാശവാദങ്ങളെയും ഖാർഗെ രൂക്ഷമായി വിമർശിച്ചു. ‘ഏത് ബി.ജെ.പിക്കാരനാണ് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയത്? ഏതെങ്കിലും ആർ.എസ്.എസ് അംഗങ്ങൾ ഈ രാജ്യത്തിനുവേണ്ടി സമരം ചെയ്തിട്ടുണ്ടോ? എന്നിട്ടാണോ അവർ ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കുന്നത്? ഞങ്ങൾ രാജ്യത്തിനെതിരാണെന്നും ദേശവിരുദ്ധരാണെന്നും അവർ പറയുന്നു. യഥാർഥത്തിൽ ദേശവിരുദ്ധർ അവരാണ്’ -ഖാർഗെ പറഞ്ഞു. ആഗസ്റ്റ് 15ന് കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചില്ലെന്നും സോണിയ ഗാന്ധി ഗാനം പാതിവഴിയിൽ നിർത്താൻ ആവശ്യപ്പെട്ടെന്നുമുള്ള അമിത് ഷായുടെ ആരോപണമാണ് പുതിയ രാഷ്ട്രീയവാക്പോരിന് തുടക്കമിട്ടത്.

ഉത്തരാഖണ്ഡിൽ തന്റെ പ്രസംഗം നടന്ന വേദിയിൽ പിന്നീട് ‘ശുദ്ധീകരണം’ നടത്തിയ സംഭവത്തെയും ഖാർഗെ വിമർശിച്ചു. തന്റെ പ്രസംഗത്തിന് ശേഷം വലതുപക്ഷ സംഘടനയായ ശ്രീരാം സേന ആഗസ്റ്റ് 10ന് ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് ശുദ്ധീകരണം നടത്തിയതായി അദ്ദേഹം ആരോപിച്ചു. 

Tags:    
News Summary - When I First Became MLA Amit Shah Was A Child Mallikarjun Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.