യോഗിക്കെതിരെ വാട്സ് ആപ് സ്റ്റാറ്റസ്: യു.പിയിൽ 19കാരൻ അറസ്റ്റിൽ

ലഖ്‌നൗ: സമൂഹ മാധ്യമത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് പോസ്റ്റിട്ടെന്നാരോപിച്ച് 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തെതാരിയ സ്വദേശിയായ ഗുൽബർ എന്ന അക്രം അലിയെയാണ് അറസ്റ്റ് ചെയ്തത്.

യോഗിയെ വിമർശിക്കുന്ന വാട്‌സ്ആപ് സ്റ്റാറ്റസിന്റെ പേരിലാണ് പെയിന്റിങ് തൊഴിലാളിയായ യുവാവിനെതിരായ നടപടി. സ്റ്റാറ്റസ് സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ഖജനി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സമാധാനാന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂർവമുള്ള അധിക്ഷേപം, സമൂഹത്തിനിടയിൽ ശത്രുതയും വിദ്വേഷവും വളർത്തൽ, മാനഹാനി വരുത്തൽ, ഏതെങ്കിലും മതവിഭാഗത്തെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ ആരാധന കേന്ദ്രങ്ങൾ അശുദ്ധമാക്കുകയോ കേടുപാട് വരുത്തുകയോ ചെയ്യൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഐ.ടി നിയമവും ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് സ്റ്റേഷൻ മേധാവി ഇഖ്‌റാർ അഹ്മദ് പറഞ്ഞു.

യോഗിയെ അധിക്ഷേപിക്കുന്ന പോസ്റ്റ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചെന്നാരോപിച്ച് മേയിൽ 15കാരനെതിരെ പൊലീസ് കേസെടുക്കുകയും ജുവനൈൽ ജസ്റ്റിസ് ബോർഡ് ഒരു മാസത്തെ സാമൂഹിക സേവനം ശിക്ഷയായി നൽകുകയും ചെയ്തിരുന്നു. 15 ദിവസം ഗോശാലയും 15 ദിവസം ഏതെങ്കിലും പൊതുസ്ഥലവും വൃത്തിയാക്കലായിരുന്നു ശിക്ഷ. 

മാർച്ചിൽ യോഗി ആദിത്യനാഥിന്റെയും മുൻ മുഖ്യമന്ത്രി മായാവതിയുടെയും ആക്ഷേപകരമായ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതിന് ഗൗതം ബുദ്ധ് നഗറിൽ 24കാരനെ അറസ്റ്റ് ചെയ്തിരുന്നു.

2020 മേയിൽ, ആദിത്യനാഥിനെക്കുറിച്ച് ഫെയ്സ്ബുക്കിൽ 'ആക്ഷേപകരമായ പരാമർശങ്ങൾ' നടത്തിയെന്നാരോപിച്ച് അലഹബാദ് നിവാസിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു.

Tags:    
News Summary - WhatsApp status against Yogi: 19-year-old arrested in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.