സോണിയ ഗാന്ധിയും മൻമോഹൻ സിങ്ങും (ഫയൽ ഫോട്ടോ)

'രാജ്യത്തെ മാറ്റിമറിച്ച പ്രഗത്ഭനായ പ്രധാനമന്ത്രി'; സുപ്രീംകോടതി ക്ലീൻ ചിറ്റിന് പിന്നാലെ മൻമോഹൻ സിങ്ങിനെ പ്രകീർത്തിച്ച് സോണിയ ഗാന്ധി

കൽക്കരിപ്പാടം വിതരണവുമായി ബന്ധപ്പെട്ട കേസിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് സുപ്രീംകോടതി ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെ, അദ്ദേഹത്തെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. മൻമോഹൻ സിങ് സത്യസന്ധനായ ഭരണാധികാരിയായിരുന്നുവെന്നും ചരിത്രം അദ്ദേഹത്തെ കനിവോടെ ഓർക്കുമെന്നും ഇന്ത്യൻ എക്‌സ്പ്രസിലെ ലേഖനത്തിൽ സോണിയ പറഞ്ഞു.

മൻമോഹൻ സിങ്ങിനെതിരെ വർഷങ്ങളായി നടന്നു വന്ന രാഷ്ട്രീയ വേട്ടയാടലിന് സുപ്രീം കോടതിയുടെ ഈ വിധിയിലൂടെ അന്ത്യമായെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാണിച്ചു. അദ്ദേഹത്തിന്റെ സത്യസന്ധതയും ഉത്തരവാദിത്തബോധവും നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തനരീതിക്ക് തീർത്തും വിരുദ്ധമാണെന്നും അവർ പറഞ്ഞു. ‘രാഷ്ട്രീയ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് 2026 ജൂലൈ 29 എന്ന തീയതി. കൽക്കരിപാടം അഴിമതി കേസിൽ ഡോ. മൻമോഹൻ സിങ്ങിന് സി.ബി.ഐ നൽകിയ ക്ലീൻ ചിറ്റ് സുപ്രീം കോടതി ശരിവെച്ചതിലൂടെ അദ്ദേഹത്തിന്റെ നിരപരാധിത്വം ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്,’ - സോണിയ ഗാന്ധി കുറിച്ചു.

സി.ബി.ഐയുടെ ക്ലോഷർ റിപ്പോർട്ടുകൾ തള്ളിക്കളയുകയും യാതൊരു വ്യക്തമായ കാരണവുമില്ലാതെ മുൻ പ്രധാനമന്ത്രിക്കെതിരെ വിചാരണ കോടതി പ്രതികൂല നിരീക്ഷണങ്ങൾ നടത്തുകയും ചെയ്തതിനെ കോടതി ചോദ്യം ചെയ്തത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്നും സോണിയാ ഗാന്ധി ചൂണ്ടിക്കാണിച്ചു. അസാധാരണമായ സത്യസന്ധതയും സദാചാരബോധവുമുള്ള ഡോ. സിങ്ങിനെതിരായ ദുഷ്പ്രചാരണങ്ങൾക്കും വേട്ടയാടലുകൾക്കും ഈ വിധിയോടെ അവസാനമായിരിക്കുകയാണ്.

ഉദ്യോഗസ്ഥർ മുതൽ മാധ്യമങ്ങളും നീതിന്യായ വ്യവസ്ഥയും ആർ.എസ്.എസും ബി.ജെ.പിയും അടങ്ങുന്ന വലിയൊരു സംഘം അദ്ദേഹത്തിനെതിരെ ബോധപൂർവ്വം പ്രവർത്തിച്ചിരുന്നുവെന്നും എന്നാൽ അവരുടെ വ്യാജ പ്രചാരണങ്ങളെല്ലാം ഇപ്പോൾ തകർന്നടിഞ്ഞിരിക്കുകയാണെന്നും സോണിയ പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി), സി.ബി.ഐയും (CBI) പോലുള്ള ഏജൻസികളെ മോദി സർക്കാർ കടുത്ത രീതിയിൽ ദുരുപയോഗം ചെയ്യുകയാണെന്നും സോണിയാ ഗാന്ധി ആരോപിച്ചു. രാഷ്ട്രീയ നേതാക്കളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയോ, അല്ലെങ്കിൽ ബി.ജെ.പിയിലേക്ക് കൂറുമാറ്റാൻ നിർബന്ധിക്കുകയോ, ചില സന്ദർഭങ്ങളിൽ മന്ത്രിസ്ഥാനങ്ങൾ നൽകി സ്വാധീനിക്കുകയും ചെയ്യുകയെന്നതാണ് നിലവിലെ ഭരണരീതിയെന്നും അവർ വിമർശിച്ചു. സർക്കാരിനെതിരെ അഴിമതിയുടെ വിശ്വസനീയമായ ആരോപണങ്ങൾ ഉയരുമ്പോൾ മോദി സർക്കാർ അത് നിഷ്പ്രയാസം തള്ളിക്കളയുന്നു. പ്രതിപക്ഷത്തിരിക്കുമ്പോൾ അഴിമതിക്കാരനാകുന്നയാൾ, കൂറുമാറി ബി.ജെ.പിയിലെത്തുമ്പോൾ പെട്ടെന്ന് ശുദ്ധനായി പ്രതിഷ്ഠിക്കപ്പെടുന്നുവെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.

മുൻപ് പാർലമെന്റിൽ മൻമോഹൻ സിങ്ങിനെതിരെ മോദി നടത്തിയ പ്രസ്താവനകളെയും സോണിയാ ഗാന്ധി രൂക്ഷമായി വിമർശിച്ചു. 2017-ൽ രാജ്യസഭയിൽ വെച്ച് മൻമോഹൻ സിങ്ങിനെതിരേ പ്രധാനമന്ത്രി മോദി നടത്തിയ ‘റെയിൻകോട്ട്’ പരാമർശം പാർലമെന്ററി ചരിത്രത്തിലെ ഏറ്റവും മോശമായ ഒന്നാണെന്ന് സോണിയ ഓർമിപ്പിച്ചു. വിദ്യാർഥികളോട് ഇപ്പോൾ ക്ഷമ കാണിക്കുന്ന പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രിക്കെതിരെ നടത്തിയ മോശം പരാമർശങ്ങളിൽ സ്വയം പശ്ചാത്തപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മൻമോഹൻ സിങ്ങിന്റെ മികച്ച ഭരണനേട്ടങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം വ്യക്തിപരമായ ആക്രമണങ്ങൾ നടന്നതെന്നും അവർ കൂട്ടിച്ചേർത്തു.

മൻമോഹൻ സിങ്ങിന്റെ കാലത്തെ സാമ്പത്തിക നേട്ടങ്ങളെയും സോണിയാ ഗാന്ധി എടുത്തുപറഞ്ഞു. അഭൂതപൂർവ്വമായ സാമ്പത്തിക വളർച്ചയും ഉപഭോഗവും സ്വകാര്യ നിക്ഷേപങ്ങളും നൽകി ഇന്ത്യയെ മുന്നോട്ട് നയിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. ഇന്ത്യയുടെ ജി.ഡി.പി കണക്കാക്കുന്ന രീതികളിൽ മാറ്റങ്ങൾ വരുത്തിയിട്ടും, യു.പി.എ സർക്കാരിന്റെ 10 വർഷക്കാലം കഴിഞ്ഞ 12 വർഷത്തേക്കാൾ ഉയർന്ന സാമ്പത്തിക വളർച്ചയാണ് കാഴ്ചവെച്ചത് എന്നത് നാം വിസ്മരിക്കരുത്. ഇത് ലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സഹായിച്ചു.

വിദ്യാഭ്യാസത്തിനുള്ള അവകാശ നിയമം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒ.ബി.സി സംവരണം, വനാവകാശ നിയമം, തൊഴിലുറപ്പ് പദ്ധതി, ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം തുടങ്ങിയ ചരിത്രപരമായ സാമൂഹിക ക്ഷേമ പദ്ധതികൾ കൊണ്ടുവന്നത് മൻമോഹൻ സിങ് സർക്കാരാണെന്ന് അവർ വ്യക്തമാക്കി. താൻ അധികാരമൊഴിഞ്ഞയുടൻ തന്നെ ഈ അവകാശങ്ങൾ ആക്രമിക്കപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു, ആ ഭയങ്ങൾ ഇന്ന് യാഥാർത്ഥ്യമായിരിക്കുകയാണ്.

2024 ഡിസംബർ 27-ന് അന്തരിച്ച മൻമോഹൻ സിങ് ഈ സുപ്രധാന വിധി കാണാൻ കൂടെയില്ലെന്നത് ദുഃഖകരമാണെന്നും സോണിയ പറഞ്ഞു. ശാന്തനും എന്നാൽ കരുത്തനുമായ പ്രധാനമന്ത്രിയായി ചരിത്രം അദ്ദേഹത്തെ എന്നും അടയാളപ്പെടുത്തുമെന്നും അവർ പറഞ്ഞു. 

Tags:    
News Summary - Manmohan Singh will be remembered as most consequential Prime Minister, says Sonia Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.