വെല്ലൂരിൽ ദലിത് ക്രിസ്ത്യൻസ് നടത്തിയ പ്രതിഷേധം
വെല്ലൂർ: ദലിത് ക്രിസ്ത്യാനികൾക്കും ദലിത് മുസ്ലിങ്ങൾക്കും പട്ടികജാതി (എസ്.സി) സംവരണ പദവി അനുവദിക്കണമെന്നും,1950-ലെ പ്രസിഡൻഷ്യൽ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ വെല്ലൂരിൽ നാനൂറിലധികം ദലിത് ക്രിസ്ത്യാനികൾ വൻ പ്രതിഷേധം സംഘടിപ്പിച്ചു. വാർഷിക 'കറുത്ത ദിനാചരണ'ത്തിന്റെ ഭാഗമായി അണ്ണാ കലൈരംഗത്തിന് സമീപം നടന്ന പ്രതിഷേധത്തിൽ കത്തോലിക്കാ, സി.എസ്.ഐ സഭകളിലെ ബിഷപ്പുമാരും പ്രമുഖ വൈദികരും സമുദായ അംഗങ്ങളും പങ്കെടുത്തു.
മതപരിവർത്തനം ചെയ്ത അഹിന്ദുക്കളെ പട്ടികജാതി വിഭാഗത്തിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് 1950 ഓഗസ്റ്റ് 10-നാണ് പ്രസിഡൻഷ്യൽ ഉത്തരവ് പുറത്തുവന്നത്. ഇതിൽ പ്രതിഷേധിച്ച് 2009 മുതൽ എല്ലാ വർഷവും ഓഗസ്റ്റ് 10 'കറുത്ത ദിന'മായി ആചരിച്ചു വരികയാണ്. വെല്ലൂർ കാത്തലിക് ഡയോസിസ് എസ്.സി/എസ്.ടി കമ്മിറ്റി, സി.എസ്.ഐ ചർച്ച് വെല്ലൂർ ഡയോസിസ്, ഓൾ മൈനോറിറ്റീസ് ഫെഡറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഇത്തവണത്തെ പ്രതിഷേധം സംഘടിപ്പിച്ചത്. വെല്ലൂർ കാത്തലിക് ബിഷപ്പ് ആംബ്രോസ് പിച്ചമുത്തു, സി.എസ്.ഐ ബിഷപ്പ് ശർമ്മ നിത്യാനന്ദം എന്നിവരുൾപ്പെടെ ഇരുപതിലേറെ വൈദികർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
2007-ലെ രംഗനാഥ് മിശ്ര കമ്മീഷൻ റിപ്പോർട്ട് കേന്ദ്ര സർക്കാർ ഉടൻ നടപ്പിലാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മതം മാറിയെങ്കിലും ദലിത് ക്രിസ്ത്യാനികളും മുസ്ലിങ്ങളും സമൂഹത്തിൽ ഇപ്പോഴും കടുത്ത ജാതി വിവേചനവും സാമൂഹിക-സാമ്പത്തിക പിന്നാക്കവസ്ഥയും നേരിടുന്നുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. 1956-ൽ സിഖ് മതക്കാരെയും 1990-ൽ ബുദ്ധമതക്കാരെയും എസ്.സി പട്ടികയിൽ ഉൾപ്പെടുത്തിയതുപോലെ ദലിത് ക്രിസ്ത്യാനികളെയും ദലിത് മുസ്ലിങ്ങളെയും ഉൾപ്പെടുത്തണമെന്നും വിദ്യാഭ്യാസം, തൊഴിൽ, രാഷ്ട്രീയ പ്രതിനിധാനം എന്നിവയിൽ തുല്യ നീതി ഉറപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
76 വർഷമായി തങ്ങൾ നടത്തുന്ന പോരാട്ടത്തിന് അനുകൂലമായ നടപടി ഉണ്ടാകുന്നില്ലെങ്കിൽ അടുത്ത വർഷത്തോടെ 'ചലോ ദില്ലി' പ്രഖ്യാപിച്ച് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും തമിഴ്നാട് മുഖ്യമന്ത്രി വിജയ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ കണ്ട് ആവശ്യങ്ങൾ ഉന്നയിക്കുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.