തമിഴ് നാട് മുഖ്യമന്ത്രി ജോസഫ് വിജയ്

നീറ്റ് അവസാനിപ്പിക്കണം, എഫ്.സി.ആർ.എ ഭേദഗതി വേണ്ട; കേന്ദ്രത്തിനെതിരെ പ്രമേയവുമായി തമിഴ്നാട് നിയമസഭ

ചെന്നൈ: നീറ്റ് പരീക്ഷാ സമ്പ്രദായം അവസാനിപ്പിക്കണമെന്നും എഫ്.സി.ആർ.എ ഭേദഗതി ബിൽ നിലവിലെ രൂപത്തിൽ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയങ്ങൾ പാസാക്കും. മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനം പ്ലസ് ടു പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ നടത്തണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. തമിഴ് മീഡിയത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഗ്രാമീണ മേഖലകളിൽ നിന്നുള്ളവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്കും നീറ്റ് തിരിച്ചടിയാകുന്നുവെന്നാണ് തമിഴ്നാട് സർക്കാരിന്റെ നിലപാട്. മെഡിക്കൽ പ്രവേശനത്തിനായി ചെലവേറിയ കോച്ചിങ് സെന്ററുകളെ ആശ്രയിക്കേണ്ടിവരുന്നതും വിദ്യാർഥികളുടെ സ്കൂൾ വിദ്യാഭ്യാസത്തെ ബാധിക്കുന്നതും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

നീറ്റ് പരിശീലനത്തിനായി അമിത ഫീസ് ഈടാക്കുന്ന നിയന്ത്രണമില്ലാത്ത കോച്ചിങ് സെന്ററുകളുടെ എണ്ണം വർധിച്ചുവരികയാണ്. ഇതോടെ സ്കൂൾ പാഠ്യപദ്ധതിയിൽനിന്ന് ശ്രദ്ധ മാറി നീറ്റ് പരീക്ഷക്കുള്ള തയ്യാറെടുപ്പിൽ മാത്രം വിദ്യാർഥികൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരുന്നു. 12 വർഷത്തെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഒരു ദിവസം നടക്കുന്ന ഒറ്റ പ്രവേശന പരീക്ഷ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസം നിർണയിക്കുന്ന സാഹചര്യം മാറണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

നീറ്റിൽനിന്ന് തമിഴ്നാടിന് ഒഴിവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2021ൽ നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബിൽ നമ്പർ 43 ഇപ്പോഴും രാഷ്ട്രപതിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും പ്രമേയത്തിൽ പറയുന്നു. നീറ്റ്-യു.ജി 2024 പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും ചൂണ്ടിക്കാട്ടുന്ന പ്രമേയം, പരീക്ഷ റദ്ദാക്കി വീണ്ടും നടത്തേണ്ടിവന്നത് വിദ്യാർഥികളിൽ വലിയ മാനസിക സമ്മർദമുണ്ടാക്കിയെന്നും പരീക്ഷാ സംവിധാനത്തിലുള്ള അവരുടെ വിശ്വാസം നഷ്ടപ്പെടുത്തിയെന്നും പറയുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മർദത്തെ തുടർന്ന് വിദ്യാർഥികൾ ആത്മഹത്യ ചെയ്ത സംഭവങ്ങളും പ്രമേയത്തിൽ പരാമർശിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ദേശീയതലത്തിൽ നീറ്റ് സംവിധാനം തന്നെ ഒഴിവാക്കണമെന്നും തമിഴ്നാട് ആവശ്യപ്പെടും. ദേശീയതലത്തിൽ നീറ്റ് ഒഴിവാക്കുന്നതിനായി നാഷണൽ മെഡിക്കൽ കമ്മീഷൻ ആക്റ്റ് 2019, നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ ആക്ട് 2020, നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി ആക്ട് 2020 എന്നിവ ഉൾപ്പെടുന്ന ബന്ധപ്പെട്ട കേന്ദ്രനിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

അതേസമയം, എഫ്.സി.ആർ.എ ബിൽ 2026 നിലവിലെ രൂപത്തിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ടും തമിഴ്നാട് നിയമസഭ മറ്റൊരു പ്രമേയം പാസാക്കും. എഫ്.സി.ആർ.എ രജിസ്ട്രേഷൻ കാലാവധി അവസാനിക്കുകയോ രജിസ്ട്രേഷൻ പുതുക്കാതിരിക്കുകയോ അപേക്ഷ നിരസിക്കപ്പെടുകയോ രജിസ്ട്രേഷൻ റദ്ദാക്കുകയോ സംഘടന സ്വമേധയാ രജിസ്ട്രേഷൻ സറണ്ടർ ചെയ്യുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ സന്നദ്ധ സംഘടനകളുടെ സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കാനും നിയന്ത്രിക്കാനും കൈമാറ്റം ചെയ്യാനും വിൽക്കാനും കഴിയുന്ന വ്യവസ്ഥകൾ ബില്ലിലുണ്ടാകാമെന്നതാണ് സംസ്ഥാനത്തിന്റെ പ്രധാന ആശങ്ക. ഇത്തരം വ്യവസ്ഥകൾ സന്നദ്ധ സംഘടനകളുടെ സ്വയംഭരണത്തെ ബാധിക്കുമെന്നും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾ നടത്തുന്ന വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ സ്ഥാപനങ്ങൾക്ക് തിരിച്ചടിയാകുമെന്നും തമിഴ്നാട് ചൂണ്ടിക്കാട്ടുന്നു.

ബിൽ നിലവിലെ രൂപത്തിൽ പിൻവലിച്ച് സംസ്ഥാന സർക്കാരുകളുമായും ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും സമഗ്രമായ ചർച്ച നടത്തിയ ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂ എന്നും ആവശ്യപ്പെടും. സന്നദ്ധ, മത, വിദ്യാഭ്യാസ, മെഡിക്കൽ, സാമൂഹിക സംഘടനകളുടെ പ്രതിനിധികളെയും ചർച്ചകളിൽ ഉൾപ്പെടുത്തണമെന്നും പ്രമേയം ആവശ്യപ്പെടും.

സ്വാഭാവിക നീതി, ആനുപാതികത, സ്വത്തവകാശം, നിയമപരമായ പ്രതീക്ഷ, ഫെഡറലിസം തുടങ്ങിയ തത്വങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ ഭേദഗതികൾ കൊണ്ടുവരണമെന്നും വിദേശ സംഭാവനകളുമായി ബന്ധപ്പെട്ട് സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്നും ആവശ്യപ്പെടും. അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, മറ്റ് പൊതുസ്ഥാപനങ്ങൾ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് മുമ്പ് സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കുന്നത് നിർബന്ധമാക്കുന്ന പ്രമേയം തിങ്കളാഴ്ച തമിഴ്നാട് നിയമസഭ ഏകകണ്ഠമായി പാസാക്കിയിരുന്നു. പ്രമേയത്തിന് രാഷ്ട്രീയ പാർട്ടികൾ നൽകിയ ഏകകണ്ഠ പിന്തുണയ്ക്ക് മുഖ്യമന്ത്രി വിജയ് നന്ദി അറിയിച്ചു. തമിഴ് ഭാഷയുടെയും സംസ്കാരത്തിന്റെയും നാഗരികതയുടെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്നതാണ് തീരുമാനമെന്നം അദ്ദേഹം പറഞ്ഞു.

Tags:    
News Summary - നീറ്റ്, എഫ്.സി.ആർ.എക്കെതിരെ തമിഴ്നാട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.