വാഷിങ്ടൺ: അമേരിക്കയിലെ ഒഹായോയിൽ വാഹനാപകടത്തിൽ ആന്ധ്രപ്രദേശ് സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർക്ക് ദാരുണാന്ത്യം. കടപ്പ ജില്ലയിൽ ജെട്ടിവാരിപ്പള്ളി സ്വദേശിയായ ദിലീപ് കുമാർ ബുംഗതാവുലയാണ് മരിച്ചത്. 26 വയസ്സായിരുന്നു.
ആഗസ്റ്റ് ഏഴിനായിരുന്നു അപകടം. മാസിഡോണിയ പ്രദേശത്തെ ഇന്റർസ്റ്റേറ്റ് 480ലാണ് അപകടമുണ്ടായത്. ദിലീപ് സഞ്ചരിച്ച കാറിലേക്ക് എതിർദിശയിൽ വന്ന പിക്കപ്പ് ട്രക്ക് മീഡിയൻ മറികടന്ന് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദിലീപ് സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. വാഹനം ഓടിച്ചിരുന്നത് ദിലീപ് കുമാർ ആയിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഉന്നത പഠനത്തിനായാണ് ദിലീപ് അമേരിക്കയിലെത്തിയത്. കെന്റ് സ്റ്റേറ്റ് സർവകലാശാലയിൽ നിന്ന് 2025ൽ മാസ്റ്റർ ഓഫ് സയൻസ് ബിരുദം പൂർത്തിയാക്കിയ ശേഷം അമേരിക്കയിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
ദിലീപിന്റെ മരണത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അനുശോചനം രേഖപ്പെടുത്തി.കുടുംബവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായങ്ങളും നൽകിവരികയാണെന്ന് കോൺസുലേറ്റ് അറിയിച്ചു. ദിലീപ് കുമാറിന്റെ കുടുംബത്തെ സഹായിക്കാനായി നോർത്ത് അമേരിക്ക തെലുഗു സൊസൈറ്റി ധന ശേഖരണം ആരംഭിച്ചു. ദിലിപീന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.