ഭോപാൽ: മധ്യപ്രദേശിലെ ഛത്താർപുരിൽ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് സ്ത്രീയുടെ മൃതദേഹം മാലിന്യം ശേഖരിക്കുന്ന മുനിസിപ്പൽ ട്രാക്ടർ ട്രോളിയിൽ വീട്ടിലെത്തിച്ചതായി പരാതി. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു.
ബദാമൽഹാര സിവിൽ ആശുപത്രിയിലാണ് സംഭവം. റുഖ്സാന ഖാൻ എന്ന യുവതിയുടെ മൃതദേഹമാണ് മാലിന്യവണ്ടിയിൽ കൊണ്ടുപോയത്. ജൂലൈ നാലുമുതൽ റുഖ്സാനയെ കാണാനില്ലായിരുന്നു. ഒരു മാസത്തിന് ശേഷം ആഗസ്റ്റ് അഞ്ചിന് സുരജ്പുര റോഡിന് സമീപത്തെ മാലിന്യക്കൂമ്പാരത്തിൽനിന്ന് റുഖ്സാനയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ബദാമൽഹാര ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പോസ്റ്റ്മോർട്ടം പൂർത്തിയായ ശേഷം മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബം മണിക്കൂറുകളോളം ആശുപത്രിയിൽ കാത്തുനിന്നെങ്കിലും മൃതദേഹം കൊണ്ടുപോകാൻ വാഹനം ലഭിച്ചില്ലെന്ന് റുഖ്സാനയുടെ ഭർത്താവ് ബാബലേഷ് അഹിർവാർ പറഞ്ഞു. ഒടുവിൽ നഗരസഭയുടെ മാലിന്യശേഖരണ ട്രാക്ടർ-ട്രോളിയിലാണ് മൃതദേഹം വീട്ടിലെത്തിച്ചതെന്നും കുടുംബം പറയുന്നു.
ആശുപത്രിയിൽ മൃതദേഹം കൊണ്ടുപോകാൻ വാഹനം ഇല്ലെന്ന് അധികൃതരും സമ്മതിച്ചു. വാഹനം അനുവദിക്കണമെന്ന ആവശ്യം ജില്ലാതല യോഗങ്ങളിൽ പലതവണ ഉന്നയിച്ചിരുന്നെങ്കിലും ആവശ്യമായ ബജറ്റോ ഫണ്ടോ ലഭിച്ചില്ലെന്ന് ബദാമൽഹാര ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഹേമന്ത് മറയ്യ പറഞ്ഞു. ഉടൻ തന്നെ ആശുപത്രിക്ക് ഹിയേഴ്സ് വാഹനം ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ ഛത്താർപുർ ജില്ലാ കലക്ടർ മൃണാൽ മീണ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.